റോഡിൽ കുഴിയില്ല; ഉണ്ടെങ്കിൽ 'സ്മാർട്ടാ'യി കണ്ടെത്തും
text_fieldsറോഡുകളുടെ അവസ്ഥ പരിശോധിക്കുന്ന സംവിധാനം ബന്ധിപ്പിച്ച വാഹനം
ദുബൈ: ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള ദുബൈ നഗരത്തിലെ റോഡിൽ ഒരിടത്തും കുഴികാണാറില്ല.
അതിന് കാരണം കൃത്യമായ നിരീക്ഷണം തന്നെയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റോഡുകൾ വിലയിരുത്തുന്ന സംവിധാനമാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇവിടെ ഒരുക്കിയിരിക്കുന്നത്.
റോഡുകളുടെ അവസ്ഥ വിലയിരുത്തുന്ന ഓട്ടോമേറ്റഡ് സംവിധാനം വീണ്ടും നവീകരിച്ചതായും ആർ.ടി.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയോടെയുള്ള റോഡുകളുടെ ഡിജിറ്റൽ പതിപ്പാണ് പുതിയ സംവിധാനം.
കേടുപാടുകൾ കണ്ടെത്തുക മാത്രമല്ല, അനുവദിച്ച ബജറ്റുകൾക്കുള്ളിൽ ഉചിതമായ തരത്തിൽ അറ്റകുറ്റപ്പണികൾ എങ്ങനെ നടത്താമെന്ന് തിരഞ്ഞെടുക്കുന്നതിനും ഈ സംവിധാനം സഹായിക്കും.
പുതിയ ഓട്ടോമേറ്റഡ് സ്മാർട്ട് സിസ്റ്റം റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനും അവയുടെ അറ്റകുറ്റപ്പണികൾ നിയന്ത്രിക്കുന്നതിനും ലേസർ സ്കാനിങ് ടെക്നിക്കുകൾ ഉപയോഗപ്പെടുത്തും. ഇവയിലൂടെ ലഭ്യമാകുന്ന ഡേറ്റയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി റോഡ് ശൃംഖലയെ 100 മീറ്ററിൽ കൂടാത്ത ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഹൈവേകൾ, പ്രധാന റോഡുകൾ, ഇടറോഡുകൾ എന്നിവയുടെ ദൈർഘ്യം കണക്കാക്കാനും സംവിധാനത്തിന് കഴിയും. സ്മാർട്ട് സംവിധാനം വഴി വാർഷിക അറ്റകുറ്റപ്പണികളുടെ 78 ശതമാനം പ്രവർത്തനച്ചെലവിന് തുല്യമായ ലാഭമുണ്ടാക്കാമെന്നും പരമ്പരാഗത രീതികളിൽനിന്ന് ഏറെ ഗുണകരമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

