ദുബൈയിൽ ഇന്ന് ഗതാഗതക്കുരുക്കിന് സാധ്യത
text_fieldsദുബൈ: ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദുബൈയിലെ ശൈഖ് റാശിദ് റോഡിനും അൽ മിനാ റോഡിനും ഇടയിലുള്ള ജങ്ഷനിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിശ്ചിത സമയപരിധിക്കുള്ളിൽ ഇവിടെ നടക്കുന്ന റോഡ് പ്രവൃത്തിയും തുടർന്നുള്ള ഗതാഗതം വഴിതിരിച്ചുവിടലും കാരണമാണിതെന്ന് ആർ.ടി.എ എക്സിലൂടെ അറിയിച്ചു.
ശനിയാഴ്ച പുലർച്ച ഒരു മണി മുതൽ ആരംഭിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച പുലർച്ച ആറുവരെ തുടരും.
ഇതുവഴി പോകുന്ന യാത്രക്കാർക്ക് ശൈഖ് ഖലീഫ ബിൻ സായിദ് റോഡ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് റോഡ്, ശൈഖ് സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നീ ബദൽ റോഡുകൾ ഉപയോഗിക്കാമെന്നും ആർ.ടി.എ അറിയിച്ചു.

