ദുബൈയിൽ ലോകത്തെ ഏറ്റവും വലിയ കാർ വിപണി വരുന്നു; 2.2 കോടി ചതുരശ്രയടിയിലാണ് ഓട്ടോ മാർക്കറ്റ് നിർമിക്കുക
text_fieldsശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്തെ ഏറ്റവും വലിയ കാർ വിപണി നിർമിക്കാൻ ഒരുങ്ങി ദുബൈ. 2.2 കോടി ചതുരശ്ര അടി വിസ്തൃതിയിലാണ് വമ്പൻ ഓട്ടോ മാർക്കറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾ, കാർ നിർമാതാക്കൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ലോകത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യം. യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ദുബൈ ഓട്ടോ മാർക്കറ്റ് വികസന പദ്ധതി അവതരിപ്പിച്ചത്.
ഡി.പി വേൾഡിനാണ് നിർമാണ ചുമതല. പദ്ധതി പൂർത്തിയായാൽ ഒരേ സമയം എട്ട് ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. 1,500ലധികം കാർ ഷോറൂമുകൾ, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള വർക്ക് ഷോപ്പ് മേഖലകൾ, വെയർഹൗസുകൾ, ബഹുനില പാർക്കിങ് കെട്ടിടങ്ങൾ, ലേല കേന്ദ്രങ്ങൾ, കൺവെൻഷൻ സെന്‍റർ, ചെറുകിട, എഫ്.ആൻഡ് ബി ഇടങ്ങൾ എന്നിവ ഓട്ടോ മാർക്കറ്റിൽ ഉണ്ടാകും.
കാർ വിൽപന, ലോജിസ്റ്റിക്സ്, വ്യവസായ സേവനങ്ങൾ എന്നിവക്കായുള്ള ആഗോള കേന്ദ്രമായി എമിറേറ്റിലെ കാർ വിപണിയെ ഉയർത്തുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം അനുസരിച്ചാണ് പുതിയ വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ പദ്ധതിയുടെ പുതിയ വിഷ്വൽ ബ്രാൻഡ് ഐഡന്‍റിറ്റിയും ശൈഖ് മക്തൂം അനാച്ഛാദനം ചെയ്തു. കൂടാതെ 2.2 കോടി ചതുരശ്ര അടി വിസ്തീർണമുള്ള വികസന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്യുകയും ചെയ്തു. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഡി.പി വേൾഡിന്‍റെ നിയന്ത്രണത്തിലുള്ള നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ലോജിസ്റ്റിക്സ് ശൃംഖല എന്നിവ ഉപയോഗപ്പെടുത്തി ലോകത്ത് അതിവേഗം വളരുന്ന ഓട്ടോമോട്ടീവ് ട്രേഡ് ഹബ്ബുകളിൽ ഒന്നായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതാവും ദുബൈ ഓട്ടോ മാർക്ക് എന്ന് ശൈഖ് മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

