റോബോട്ടുകൾ നിർമിക്കുന്ന ലോകത്തിലെ ആദ്യ വില്ല ഒരുങ്ങുന്നു; ദുബൈയിൽ
text_fieldsദുബൈ: കെട്ടിടങ്ങൾ പൂർണമായും റോബോട്ടുകൾ നിർമിക്കുന്നൊരു കാലത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. എന്നാൽ, അത്തരമൊരു കാലം ഇങ്ങെത്തിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ദുബൈ. ലോകത്തിൽ റോബോട്ടുകൾ നിർമിക്കുന്ന വില്ല ദുബൈയിൽ ഒരുങ്ങുകയാണ്. നിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ വില്ല നിർമിക്കാൻ ദുബൈ മുനിസിപ്പാലിറ്റി തുടക്കമിട്ടിരിക്കുന്നു.
ആഗോളതലത്തിലുള്ള ഈ പദ്ധതിക്കായി 25ലധികം പ്രമുഖ കമ്പനികളും പ്രാദേശിക-അന്തർദേശീയ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും കൈകോർക്കുകയാണ്. നിർമാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകളും നൂതന സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
ചുമരുകൾ കെട്ടുക, കോൺക്രീറ്റ് പ്രിന്റിങ് ചെയ്യുക, വെൽഡിങ്, ഡ്രില്ലിംഗ്, മെറ്റീരിയൽ ഹാൻഡ്ലിങ് തുടങ്ങിയ സങ്കീർണമായ ജോലികൾ ചെയ്യാൻ റോബോട്ടുകൾക്ക് സാധിക്കും. ഇതിലൂടെ നിർമാണ വേഗത വർധിപ്പിക്കാനും ചെലവ് കുറക്കാനും വസ്തുക്കൾ പാഴാകുന്നത് പരമാവധി ഒഴിവാക്കാനും സാധിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഈ പദ്ധതി വെറുമൊരു വില്ല നിർമാണത്തിൽ ഒതുങ്ങില്ല. ഭാവിയിലെ റോബോട്ടിക് നിർമാണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള യഥാർഥ പരീക്ഷണശാലയായാണ് ദുബൈ മുനിസിപ്പാലിറ്റി ഇതിനെ കാണുന്നത്. ആധുനിക ഡിസൈനിലുള്ള ലെയേർഡ് കോൺക്രീറ്റ് ഘടനകളും വലിയ ഗ്ലാസ് ജനലുകളും പൂന്തോട്ടവുമുള്ള അത്യാകർഷകമായ ത്രീഡി-പ്രിന്റഡ് വില്ലകളുടെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

