ലോകത്തെ ആദ്യ പറക്കുന്ന ഹൈഡ്രജൻ ബോട്ട് ദുബൈയിൽ നിർമിക്കും
text_fieldsപറക്കുന്ന ഹൈഡ്രജൻ ബോട്ട് മാതൃക
ദുബൈ: ലോകത്തെ ആദ്യ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന പറക്കുന്ന ബോട്ട് ദുബൈയിൽ നിർമിക്കുന്നതിന് സ്വിസ് കമ്പനിയും യു.എ.ഇയിലെ കമ്പനിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. സ്വിസ് സ്റ്റാർട്ടപ്പായ 'ദ ജെറ്റ് സീറോ എമിഷൻ', സെനിത്ത് മറൈൻ സർവിസസ് എന്ന ദുബൈ കമ്പനിയുമായാണ് ധാരണയിലെത്തിയത്. പൂർണമായും പരിസ്ഥിതി അനുകൂലമായ ഊർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിവ്യവസായങ്ങളുടെ ആഗോളകേന്ദ്രമെന്ന നിലയിൽ ദുബൈ മാറുന്നതിന്‍റെ സൂചനയായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. മികച്ച വേഗതയിൽ വെള്ളത്തിന് മുകളിലൂടെ നിശ്ശബ്ദമായി പറക്കാൻ സാധിക്കുന്നതായിരിക്കും ബോട്ട്. എട്ടു മുതൽ 12വരെ യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാനും ഇതിൽ സാധ്യമാകും. രണ്ട് ഇന്ധന സെല്ലുകളും ഒരു എയർകണ്ടീഷനറും കാർബൺ ബഹിർഗമനം കുറക്കാൻ സഹായിക്കുന്ന മറ്റ് ക്ലീൻ-ടെക്, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും ഇതിൽ സജ്ജീകരിക്കും. ദുബൈയിൽ നിന്ന് ഈ പ്രഖ്യാപനം നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ധാരണപത്രം ഒപ്പുവെച്ചശേഷം 'ദ ജെറ്റ് സീറോ എമിഷൻ' കമ്പനി സ്ഥാപകൻ അലൈൻ തെബോൾട്ട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

