ലോകത്തെ ആദ്യ എ.ഐ നഗരം അബൂദബിയിൽ
text_fieldsഅബൂദബി: ലോകത്തെ ആദ്യത്തെ എ.ഐ നഗരം അബൂദബി നിർമിക്കുന്നു. അതിനൂതന സാങ്കേതിക സൗകര്യങ്ങളോടെ 2027ൽ നഗരം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിര്മിതബുദ്ധിയിലൂടെയും കോഗ്നിനിറ്റിവ് സാങ്കേതിക വിദ്യയിലൂടെയും നഗരജീവിതത്തെ പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം രൂപപ്പെടുത്തുന്നത്. ഡ്രൈവറില്ലാ യാത്രാ സംവിധാനങ്ങൾ, സ്മാർട് വീടുകൾ, ചികിത്സ, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളാണ് നഗരത്തിലുണ്ടാവുക.
നിർമിത ബുദ്ധിയുടെ ഭാവി സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്ന നഗരമാണ് അബൂദബിയിൽ ആസൂത്രണം ചെയ്യുന്നത്. ‘അയോൺ സെൻഷ്യ’ എന്നാണ് എ.ഐ സ്മാർട് സിറ്റിയുടെ പേര്. അബൂദബി ആസ്ഥാനമായ ബോൾഡ് ടെക്നോളജീസും ഇറ്റാലിയൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ മൈ അയോണുമാണ് നഗരം നിർമിക്കുക. അയോൺ സെൻഷ്യ സ്മാർട് മാത്രമല്ല, വൈജ്ഞാനിക നഗരം കൂടിയായിരിക്കുമെന്ന് കമ്പനി സി.ഇ.ഒ ഡാനിയേൽ മാരിനെല്ലി പറഞ്ഞു.
250 കോടി ഡോളറാണ് ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ മാതൃകയിൽ നിർമിക്കുന്ന നഗരപദ്ധതിയുടെ ചെലവ്. എം.എ.ഐ.എ എന്ന എ.ഐ മൊബൈൽ ആപ്ലിക്കേഷൻ വഴി നഗരത്തിലെ താമസക്കാരെ ബന്ധിപ്പിക്കുകയും ചെയ്യും. എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്ന സംവിധാനമാകുമിത്. പരമ്പരാഗത എ.ഐ സങ്കേതങ്ങളിൽനിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കളെക്കുറിച്ച വിവരങ്ങൾ അനുസരിച്ച് സ്വയം തീരുമാനമെടുത്തു പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാകും ഈ ആപ്ലിക്കേഷൻ. വാര്‍ഷിക വേളകളില്‍ എവിടെയാണ് ഡിന്നറിന് ബുക്ക് ചെയ്യേണ്ടത് എന്ന് ഉപയോക്താവിന് മുന്നില്‍ നിര്‍ദേശം വെക്കുകയും ഉപയോക്താവിനെ ബുദ്ധിമുട്ടിക്കാതെതന്നെ ആപ് സ്വയം വിരുന്നിന് ബുക്കിങ് നടത്തുകയും ചെയ്യുമെന്നും ഡാനിയേലെ മരിനെല്ലി വിശദീകരിച്ചു.
മൊബിലിറ്റി, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങി പ്രധാന മേഖലകളെയെല്ലാം കൈകാര്യം ചെയ്യുന്ന രീതിയിലാണ് ആപ്പിന്റെ രൂപകല്പനയെന്നും കൂട്ടിച്ചേര്‍ത്തു. അബൂദബിയില്‍ അവതരിപ്പിച്ചശേഷം ഇതു പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എ.ഐയുടെ ആഗോള തലസ്ഥാനമാകാൻ അബൂദബി നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാകും അയോൺ സെന്റിയ. ഓപൺ എ.ഐ അടക്കമുള്ള വൻകിട ഭീമന്മാരാണ് അബൂദബിയിലെ എ.ഐ മേഖലയിൽ നിക്ഷേപമിറക്കുന്നത്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തോട് അനുബന്ധിച്ച് അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ ഇരുരാഷ്ട്രങ്ങളും ചേർന്ന് തുറക്കാൻ ധാരണയായിരുന്നു. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ കാമ്പസായിരിക്കുമിത്. ഇതിന്റെ ആദ്യഘട്ടം ട്രംപും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് ഉദ്ഘാടനം ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

