തിരുവോണത്തിളക്കത്തിൽ പ്രവാസലോകം
text_fieldsദുബൈ: അവധിക്കിടയിലും ആവേശത്തിനൊട്ടും കുറവില്ലാതെ പ്രവാസി മലയാളികൾ തിരുവോണത്തെ വരവേറ്റു. ബുധനാഴ്ചയാണ് തിരുവോണമെന്നതിനാൽ, യു.എ.ഇയിൽ ജോലിക്കാർക്ക് അവധിയുണ്ടായിരുന്നില്ല. പലരും അവധിയെടുത്ത് ആഘോഷിച്ചപ്പോൾ ജോലിക്കിടയിലായിരുന്നു മറ്റു പലരുടെയും ആഘോഷം. റെസ്റ്റോറന്‍റിലും, പാർസലായി വരുത്തിച്ച് ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെയായിരുന്നു മിക്ക പ്രവാസികളുടെയും തിരുവോണ സദ്യ.
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ യു.എ.ഇയിലെ മുഴുവൻ ഇന്ത്യക്കാർക്കും ഓണാശംസകൾ നേർന്നു. ‘ഓണം ആഘോഷിക്കുന്നത് വേറിട്ടൊരു ഭംഗിയാണ്. പാരമ്പര്യത്തിൽ ഊന്നിയതും സാംസ്കാരിക സമ്പന്നവുമായ ഈ ആഘോഷം, ഒത്തുചേരുമ്പോൾ കൂടുതൽ മനോഹരമാകുന്ന ഒന്നാണ്. ഈ ഓണ നാളിൽ, നമ്മെ വേരുകളോട് ചേർത്തുനിർത്തുന്ന മഹത്തായ പാരമ്പര്യങ്ങളെയും ഒന്നാക്കി നിർത്തുന്ന ആ പങ്കുവെക്കലിന്‍റെ മഹിമയെയും നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ!’ -എംബസി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ദുബൈ കോൺസുൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർധൻ റെഡ്ഡി എല്ലാവർക്കും ഓണാശംസകൾ നേർന്നു. ആഹ്ലാദകരമായ ഈ ആഘോഷം എല്ലാവരിലും സമത്വം, സമൃദ്ധി, സാഹോദര്യം, സഹവർത്തിത്വം, ഐക്യം തുടങ്ങിയ നന്മകളെ ഊട്ടിയുറപ്പിക്കട്ടെയന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

