വി.എസിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസലോകം
text_fieldsഎം.എ. യൂസഫലിയുടെ അബൂദബിയിലെ വസതിയിലെത്തിയ വി.എസ്. അച്യുതാന്ദനെ സ്വീകരിക്കുന്നു
നഷ്ടമായത് ജനനേതാവിനെ -എം.എ. യൂസുഫലി
അബൂദബി: മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞുനിന്നിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിലൂടെ, വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നഷ്ടമായതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വി.എസുമായി വളരെ അടുത്ത സ്നേഹബന്ധമാണ് വെച്ചുപുലർത്തിയിരുന്നത്. 2017ൽ യു.എ.ഇ സന്ദർശിച്ച അവസരത്തിൽ അബൂദബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമയാണ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടര് ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിക്കാൻ സാധിച്ചു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാന് ഒട്ടേറെ അവസരങ്ങള് ഉണ്ടായി. കേരളത്തിലെ ആദ്യ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ സാധ്യമല്ല. സഹോദരതുല്യനായ വി.എസിന്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു -യൂസുഫലി സന്ദേശത്തിൽ പറഞ്ഞു.
ഓർമ
ദുബൈ: അടിസ്ഥാനവർഗത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഓർമ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജ്വലിച്ചുനിന്ന സൂര്യനെയാണ് നഷ്ടമായിരിക്കുന്നത്. ഏറ്റവും പാവപ്പെട്ടവന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു വി.എസ്. അനീതിക്കെതിരെ അദ്ദേഹം നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. ജന്മി നാടുവാഴിത്തത്തിന് എതിരെ പോരാട്ടങ്ങൾ സംഘടിപ്പിച്ചാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
തൊഴിലാളികൾക്ക് നേരെയുള്ള ചൂഷങ്ങൾക്കെതിരെ അദ്ദേഹം ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം നേതൃത്വം കൊടുത്തു. പ്രവാസി ക്ഷേമനിധി, മലയാളം മിഷൻ, നോർക്ക എന്നിവ നടപ്പിലാക്കിയതിൽ അദ്ദേഹത്തിന്റെ കൂടി ഇടപെടൽമൂലമാണെന്ന് പ്രവാസികൾ ഓർക്കുന്നു. പ്രവാസികളോട് ഏറ്റവും കരുതൽ കാട്ടിയിരുന്ന ഭരണാധികാരിയായിരുന്നു വി.എസെന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡോ. ഷംഷീർ വയലിൽ
അബൂദബി: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് വി.പി.എസ് ഹെൽത്ത് മാനേജിങ് ഡയറക്ടറും ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു വി.എസ്. പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന വി.എസിന്റെ നിലപാട് വരും തലമുറ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഡോ. ഷംഷീർ പറഞ്ഞു.
ശക്തി തിയറ്റേഴ്സ് അബൂദബി
അബൂദബി: പാവപ്പെട്ടവരോടും സാധാരണക്കാരോടുമൊപ്പം എന്നും നിലകൊണ്ട വി.എസ് അച്യുതാനന്ദൻ പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം പോരാടിയ സമരപോരാളിയായിരുന്നുവെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി അനുശോചന കുറിപ്പിൽ പറഞ്ഞു. ജീവിതാനുഭവങ്ങളിലൂടെ സ്വാംശീകരിച്ച വർഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച വി.എസ് മർദിതരോടും ചൂഷിതരോടുമുള്ള പക്ഷപാതം പോലെ സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോന്നിരുന്നുവെന്ന് ശക്തി തിയറ്റേഴ്സ് അബൂദബിക്കുവേണ്ടി പ്രസിഡന്റ് കെ.വി. ബഷീർ, ജനറൽ സെക്രട്ടറി എ.എൽ. സിയാദ് എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ: സ്വാതന്ത്ര സമര സേനാനിയും അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാളിയുമായിരുന്നു അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ രാഷട്രീയ ഭൂമികയിൽ അദ്ദേഹം അടിത്തട്ടിലെ പ്രവർത്തനത്തിലൂടെ ഉയർന്ന് ഏറ്റവും ഉയർന്ന പദവികളിലെത്തിച്ചേർന്നു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം. പാർശ്വവത്കരിക്കപ്പെട്ടവരുടെ നാവും അനീതിക്കെതിരായ ശബ്ദവുമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അനുശോചന കുറിപ്പിൽ പറഞ്ഞു.
അബൂദബി കേരള സോഷ്യൽ സെന്റർ
അബൂദബി: അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി ജീവിതം സമരായുധമാക്കിയ വി.എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമായി തിളങ്ങിനിന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് അബൂദബി കേരള സോഷ്യൽ സെന്ററിന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അബൂദബി കേരള സോഷ്യൽ സെന്റർ രണ്ടുതവണ സന്ദർശിച്ചിട്ടുള്ള അദ്ദേഹം സംഘടനാ പ്രവർത്തനരംഗത്ത് കാർക്കശ്യം വെച്ച് പുലർത്തുമ്പോഴും വ്യക്തിജീവിതത്തിൽ എളിമയും ലാളിത്യവും നിലനിർത്താൻ പ്രയത്നിച്ചിരുന്നുവെന്ന് ആക്ടിങ് പ്രസിഡന്റ് ആർ. ശങ്കറും ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇൻകാസ്
ദുബൈ: സമരവീര്യവും നിലപാടിലെ ആർജവവും വ്യക്തിജീവിതവും കൊണ്ട് രാഷ്ട്രീയ എതിരാളികൾക്കും വി.എസ് ഒരു പാഠപുസ്തകം ആയിരുന്നുവെന്ന് ഇൻകാസ് അനുശോചന കുറിപ്പിൽ പറഞ്ഞു. ജന്മിത്വത്തിനും ഫ്യൂഡൽ പ്രഭുത്വത്തിനുമെതിരെ ആരംഭിച്ച സമരജീവിതത്തിൽ ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ളവർക്കെതിരെയും പോരാട്ടം നടത്തിയെന്നതാണ് വി.എസിന്റെ സവിശേഷതയെന്നും ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ പ്രസ്താവനയിൽ പറഞ്ഞു.
മലയാളം മിഷൻ
ദുബൈ: മലയാളം മിഷന്റെ സ്ഥാപകനും ആദ്യ ചെയർമാനും ആയിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ മലയാളം മിഷൻ ദുബൈ അനുശോചിച്ചു.
യുഗാന്ത്യം- ഡോ. ആസാദ് മൂപ്പൻ
ദുബൈ: വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, പൊതുരംഗത്തിന്റെ ഒരു യുഗാന്ത്യമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വി.എസുമായി പല അവസരങ്ങളിലും കൂടിക്കാഴ്ച നടത്താൻ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹവുമായുള്ള ഓരോ സംവാദങ്ങളും ദീർഘകാലം മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു.
വി.എസിന്റെ ഓരോ ചിന്തയും സാധാരണ മനുഷ്യരോടുള്ള ആഴത്തിലുള്ള കരുതലായിരുന്നു. രാഷ്ട്രീയനേതാവും മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം, എന്നും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർക്കായി ശബ്ദമുയർത്തിയതിനൊപ്പം, ആധുനിക കേരളത്തെ കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കുടുംബത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും വി.എസിനെ സ്നേഹിക്കുന്ന ജനലക്ഷങ്ങൾക്കും ഈ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

