യു.എ.ഇ കളിച്ച ലോകകപ്പ്
text_fieldsദുബൈ ഹാർബലെ ഫിഫ ഫാൻ ഫെസ്റ്റിൽ മൊറോക്കൻ ഫുട്ബാൾ ആരാധകരുടെ ആവേശം
ദബൈ: ലോകകപ്പ് യോഗ്യതയുടെ പടിവാതിലിൽ ഇടറിവീണെങ്കിലും ഈ ലോകകപ്പിലെ അനിഷേധ്യ ഘടകമായിരുന്നു യു.എ.ഇ. ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവേശം അലയടിച്ച യു.എ.ഇ മനസില്ലാ മനസോടെയാണ് ലോകകപ്പിനോട് വിട പറയുന്നത്. ലോകകപ്പിന്‍റെ ആരവങ്ങൾ മുഴങ്ങിതുടങ്ങിയതു മുതൽ യു.എ.ഇയും അതേറ്റെടുത്തിരുന്നു. ഖത്തറിലേക്ക് സഞ്ചരിക്കുന്നവർക്ക് തുഛമായ തുകക്ക് മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചതോടെ വിദേശികളുടെ യാത്രകൾ യു.എ.ഇ വഴിയായി. ഇതോടെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു യു.എ.ഇയിലേക്ക്.
കച്ചവട സ്ഥാപനങ്ങളിലും ഷോപ്പിങ് മാളിലും നഗരങ്ങളിലും ഹോട്ടലുകളിലും മൈതാനങ്ങളിലുമെല്ലാം ഈ തിരക്കും ഉണർവും ദൃശ്യമായിരുന്നു. ദിവസേന ഷട്ടിൽ സർവീസുകളും പ്രഖ്യാപിച്ചതോടെ വിദേശികൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഘടകമായി ഈ നാട് മാറി. ലോകകപ്പിന്‍റെ ഉദ്ഘാടന ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഖത്തറിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു.
ലോകകപ്പിനിടയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ഖത്തറിൽ പറന്നിറങ്ങി. വർഷങ്ങൾക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍റ് ഖത്തർ മണ്ണിലെത്തുന്നത്. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ലോകകപ്പിനെ ഏറ്റെടുക്കുന്നു എന്ന സന്ദേശമാണ് ഇതുവഴി നൽകിയത്. ഓരോ അറബ് രാജ്യങ്ങളുടെ ജയത്തിനും ആശംസയും അഭിനന്ദനവുമായി യു.എ.ഇ രാഷ്ട്ര നേതാക്കളുമുണ്ടായിരുന്നു.
അതിർത്തികൾ തുറന്നിട്ടതോടെ അനായാസ നടപടിക്രമങ്ങളിലൂടെ യു.എ.ഇ നിവാസികൾക്ക് സൗദി വഴി ഖത്തറിലേക്ക് തിരിക്കാൻ കഴിഞ്ഞു. ബസിലും കാറിലുമായി പതിനായിരങ്ങളാണ് അതിർത്തികടന്ന് ഖത്തറിലെത്തിയത്. ദുബൈ വിമാനത്താവളത്തിൽ നിന്ന് മാത്രം ഖത്തറിലേക്ക് പറന്നത് ലക്ഷത്തിലേറെ ആളുകളാണ്.
ഫിഫയുടെ ഔദ്യോഗിക ഫാൻഫെസ്റ്റ് നടന്ന ആറ് നഗരങ്ങളിൽ ഒന്ന് ദുബൈ ആയിരുന്നു. ദിവസേന ആയിരക്കണക്കിനാളുകൾ ഫാൻ ഫെസ്റ്റിൽ ഒഴുകിയെത്തി. എല്ലാ എമിറേറ്റുകളിലും ഫാൻ സോണുകളും അണിനിരന്നു. ഇവിടെയും കാണികൾക്കും ആവേശത്തിനും യാതൊരു കുറവുമുണ്ടായില്ല.
മൊറോക്കോയുടെ കുതിപ്പാണ് യു.എ.ഇയിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത്. ഓരോ വിജയത്തിന് ശേഷവും മൊറോക്കൻ പതാക ഫാൻ സോണുകളിലും വാഹനങ്ങളിലും പാറിപ്പറന്നു. എക്സ്പോയിലും സ്പോർട്സ് സിറ്റിയിലും മീഡിയ സിറ്റിയിലുമെല്ലാം ഫുട്ബാൾ ഫാൻസിന് ഉറക്കമില്ലാത്ത രാവുകളായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം 137 ശതമാനമാണ് വർധിച്ചത്. യാത്രക്കാർ എല്ലാവരും എത്തിയത് ലോകകപ്പിന് വേണ്ടിയായിരുന്നില്ലെങ്കിലും ലോകമാമാങ്കത്തിന്‍റെ ആവേശമാണ് കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആവാഹിച്ചത്. കളത്തിലിറങ്ങിയില്ലെങ്കിലും യു.എ.ഇ 'കളിച്ച' ലോകകപ്പിനാണ് ഇന്ന് ഫൈനൽ വിസിൽ മുഴങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

