മണിക്കൂറുകൾ രക്ഷാപ്രവർത്തനം; കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലെത്തിച്ചു
text_fieldsതിമിംഗല സ്രാവിനെ കടലിലെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനം
അബൂദബി: കടലിനോട് ചേർന്ന ചതുപ്പുകായലിൽ കുടുങ്ങിയ തിമിംഗല സ്രാവിന് രക്ഷയായി അബൂദബി നാഷനൽ അക്വേറിയവും പരിസ്ഥിതി ഏജൻസിയും (ഇ.എ.ഡി). തിരികെ പോകാൻ കഴിയാതെ കുടുങ്ങിയ തിമിംഗല സ്രാവിനെ കൃത്രിമ ബാഗ് നിർമിച്ച് ബോട്ടുമായി കെട്ടിയ ശേഷം കടലിലേക്കെത്തിക്കുകയായിരുന്നു. അബൂദബി മീഡിയ ഓഫിസ് രക്ഷാപ്രവർത്തനത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.
ആറ് മീറ്റർ നീളമുള്ള തിമിംഗല സ്രാവാണ് അബൂദബി അൽബഹിയയിൽ കുടുങ്ങിയത്. കായലിലെത്തിയതോടെ തിമിംഗലത്തിന് ഭക്ഷണവും ലഭിക്കാതെ വന്നു. തിരികെ കടലിലേക്ക് പോകാനുള്ള ഇടനാഴിക്ക് രണ്ട് മീറ്ററാണ് വീതി. 20 കിലോമീറ്റർ അകലെ അറേബ്യൻ ഉൾകടലിലേക്ക് എത്തിക്കുക ശ്രമകരമായിരുന്നു. ഇതോടെയാണ് സംരക്ഷണമൊരുക്കാൻ കൃത്രിമ കവചം ഉണ്ടാക്കിയത്. സംഘാംഗങ്ങൾ ചേർന്ന് പിടികൂടി കവചത്തിലാക്കി ബോട്ടുമായി ബന്ധിപ്പിച്ചു.
അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അറേബ്യൻ ഉൾക്കടലിലെത്തിച്ചത്. അബൂദബി മറൈൻ ക്ലബും സഹായത്തിനുണ്ടായിരുന്നു. നിരീക്ഷണത്തിന് ഡിവൈസ് ഘടിപ്പിച്ച ശേഷമാണ് കടലിൽ വിട്ടത്. ഇതുവരെ 250 കിലോമീറ്റർ സഞ്ചരിച്ചതായി അറിയാൻ കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

