രൂപയുടെ മൂല്യം കുറഞ്ഞു; വിനിമയ നിരക്ക് കൂടി
text_fieldsദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷം അടക്കമുള്ള ലോക സാഹചര്യത്തിൽ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞു. കഴിഞ്ഞ എട്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 86.17 രൂപയും ദിർഹമിനെതിരെ 23.45 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കൂടുതൽ വിനിമയ നിരക്ക് ലഭ്യമാകും.
എണ്ണ വിലയിൽ ആഗോള തലത്തിലുണ്ടായ മാറ്റമാണ് രൂപയെയും ബാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന്റെ ഇറാൻ ആക്രമണ ശേഷം അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില 10 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ട്. സംഘർഷാവസ്ഥ തുടരുകയാണെങ്കിൽ മൂല്യം വീണ്ടും കുറയാനും വിനിമയ നിരക്ക് വർധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫെബ്രുവരി മാസത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരുന്നു. ഈ സമയത്ത് യു.എ.ഇ ദിർഹമിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിലെത്തുകയും ചെയ്തു. 23.70 മുതൽ 23.90 വരെ വിനിമയ നിരക്ക് ദിർഹമിന് ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം ഉയരുകയും വിനിമയ നിരക്ക് കുറയുകയുമായിരുന്നു.
ചില സമയങ്ങളിൽ 23 രൂപയിലും കുറഞ്ഞ വിനിമയ നിരക്കാണ് കഴിഞ്ഞ ആഴ്ചകളിൽ രേഖപ്പെടുത്തിയത്. ഇതാണ് വീണ്ടും ഉയർന്നിരിക്കുന്നത്.
അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞത് നാട്ടിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക പ്രവാസികൾ പങ്കുവെക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ധന വില കൂടാനുള്ള സാഹചര്യമുള്ളതിനാൽ വിലക്കയറ്റ സാധ്യത ഏറെയാണ്. അതേസമയം, നാട്ടിൽ ബാങ്ക് ലോണും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് വിനിമയനിരക്ക് വർധന ആശ്വാസകരമാണ്.
നേരത്തേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പരിഷ്കാരങ്ങൾ കാരണമായാണ് രൂപയുടെ മൂല്യമിടിഞ്ഞത്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ ദിർഹമിന്റെ വിനിമയ നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

