ഐ.സി.സിയിലേക്ക് കണ്ണുനട്ട് യു.എ.ഇ
text_fieldsക്രിക്കറ്റ് പിച്ചിലേക്ക് കാലെടുത്തുവെക്കുന്ന ഓരോ രാജ്യങ്ങളുടെയും സ്വപ്നമാണ് ഐ.സി.സിയിലെ സമ്പൂർണ അംഗത്വം. ക്രിക്കറ്റ് ലോകത്ത് 12 രാജ്യങ്ങൾക്ക് മാത്രം ലഭിച്ച ഈ അംഗത്വ പട്ടികയിലെ 13ാമനാകാനുള്ള ശ്രമത്തിലാണ് യു.എ.ഇ ക്രിക്കറ്റ് ടീം. അടുത്തിടെ നടത്തിയ പ്രകടനങ്ങൾ കണക്കാക്കുമ്പോൾ ഈ നേട്ടം അകലെയല്ല എന്ന് പറയാം. ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് തങ്ങളെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പ്രതിനിധി മുബഷിർ ഉസ്മാനി വ്യക്തമാക്കി കഴിഞ്ഞു.
ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, സിംബാബ്വെ, അയർലെൻഡ് എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ ഐ.സി.സിയുടെ സമ്പൂർണ അംഗത്വമുള്ളത്. പല രാജ്യാന്തര ടൂർണമെന്റുകളിലും പങ്കെടുക്കാൻ അനുവാദം ലഭിക്കുന്നതും ഈ ടീമുകൾക്കായിരിക്കും. ഈ പട്ടികയിലേക്ക് എത്തുന്നതോടെ വമ്പൻമാരുമായി പരമ്പരകളിൽ കൊമ്പുകോർക്കാനും അതുവഴി ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിപ്പെടാനും കഴിയും.
യു.എ.ഇ ക്രിക്കറ്റിന് മികച്ച വർഷമാണ് കടന്നുപോയത്. ഈ വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് യു.എ.ഇ യോഗ്യത നേടിയിരുന്നു. ഏകദിന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനവുമായി പ്രതീക്ഷയിലാണ് ടീം. മുൻ ഇന്ത്യൻ താരം റോബിൻ സിങിന്റെ നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ പരിശീലനമാണ് ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ. വെസ്റ്റിൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പ് യോഗ്യത മത്സരത്തിനൊടുവിൽ എലൈറ്റ് ട്രോഫിയുമായാണ് കുട്ടികൾ മടങ്ങിയെത്തിയത്. യു.എ.ഇ വനിത ക്രിക്കറ്റ് ടീമും ലോകകപ്പിന്റെ പടിവാതിൽക്കലാണ്. തുടർച്ചയായ 14 മത്സരങ്ങളാണ് ടീം തോൽവി അറിയാതെ മുന്നേറിയത്. നിലവിൽ ഐ.സി.സിയുടെ അസോസിയേറ്റ് അംഗമാണ് യു.എ.ഇ. എന്നാൽ, ഐ.സി.സിയുടെ സമ്പൂർണ അംഗത്വമുള്ള അയർലെൻഡിനെ ഏകദിനത്തിലും ട്വന്റി-20യിലും യു.എ.ഇ തോൽപിച്ചിരുന്നു. ടെസ്റ്റ് പദവിയുള്ള വെസ്റ്റിൻഡീസിനെ തോൽപിച്ചാണ് അണ്ടർ 19 ടീം ഫൈനലിൽ കയറിയത്, അതും വെസ്റ്റിൻഡിസീന്റെ മണ്ണിൽ.
യു.എ.ഇയിലെ കായികമേഖലയിൽ ഒരുക്കിയ മികച്ച സൗകര്യങ്ങളാണ് ഈ നേട്ടത്തിലേക്ക് ടീമിനെ നയിച്ചത്. ഐ.പി.എൽ, ട്വന്റി-20 ലോകകപ്പ് പോലുള്ള വൻകിട ടൂർണമെന്റുകൾ രാജ്യത്ത് വിരുന്നെത്തിയത് ഇതിന് ഉദാഹരണമാണ്. ഐ.സി.സിയുടെ ആസ്ഥാനവും യ.എ.ഇയാണ്. ക്രിക്കറ്റിന്റെ വളർച്ചക്കായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് മുൻകൈയെടുത്ത് ഡി 10, ഡി 20, ഡി 50 തുടങ്ങിയ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്.
ഐ.പി.എൽ മാതൃകയിൽ ക്രിക്കറ്റ് ലീഗ് നടത്താനുള്ള ഒരുക്കത്തിലാണ് യു.എ.ഇ. ആറ് വമ്പൻമാരാണ് ടീമുകളെ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ അഞ്ചും ഇന്ത്യയിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ്. ചൊവ്വാഴ്ച മുതൽ ഏകദിന ലോകകപ്പ് ലീഗിനായി യു.എ.ഇ കളത്തിലിറങ്ങും. സ്കോട്ലാൻഡും യു.എസ്.എയുമാണ് എതിരാളികൾ. അമേരിക്കയിലാണ് മത്സരം. മലയാളി താരങ്ങളായ റിസ്വാൻ റഊഫും ബാസിൽ ഹമീദും അലിഷാൻ ഷറഫുവും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

