അഭൂതപൂർവം അബൂദബി വളർച്ച
text_fieldsഅബൂദബി: നടപ്പുസാമ്പത്തികത്തിന്റെ ആദ്യ പാദത്തില്‍ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) 291 ബില്യന്‍ ദിര്‍ഹമായതായി അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ റിപോര്‍ട്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനത്തിന്റെ വര്‍ധനവാണ് ഈവര്‍ഷം രേഖപ്പെടുത്തിയത്. എണ്ണയിതര വരുമാനരംഗത്ത് കൈവരിച്ച വളര്‍ച്ചയാണ് ജിഡിപിയുടെ വര്‍ധനവിനു കാരണം. 6.1 ശതമാനം വളര്‍ച്ചയാണ് എണ്ണയിതര വരുമാനത്തിലുണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ജിഡിപിയിലേക്ക് എണ്ണയിതര വരുമാനത്തിലൂടെ ലഭിച്ചത് 163.6 ബില്യന്‍ ദിര്‍ഹമാണ്. ജിഡിപിയുടെ 56.2 ശതമാനവും എണ്ണയിതര മേഖലയില്‍ നിന്നു ലഭിക്കുന്നത് ഇതാദ്യമായാണ്. എണ്ണവരുമാനത്തിലൂടെ 127.4 ബില്യന്‍ (43.8 ശതമാനം) ദിര്‍ഹമാണ് ജി.ഡി.പിക്കു ലഭിച്ചത്. സാമ്പത്തികാടിത്തറയുടെ വൈവിധ്യത്തിനായി അബൂദബി തുടരുന്ന ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ജി.ഡി.പിയില്‍ എണ്ണയിതര രംഗത്തുനിന്നുണ്ടായ വരുമാന വര്‍ധനവെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പാദനം, നിര്‍മാണം, സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വ്യാപാരം തുടങ്ങിയ രംഗത്തുനിന്നാണ് എമിറേറ്റ് മികച്ച വരുമാനം നേടിക്കൊണ്ടിരിക്കുന്നത്. അബൂദബിയുടെ സാമ്പത്തികരംഗം അനുദിനം തെളിയിക്കുന്നത് മേഖലയിലെയും ആഗോള ഭൂപ്രകൃതിയിലെയും മാറ്റങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിനുള്ള എമിറേറ്റിന്റെ ദീര്‍ഘകാല നയങ്ങളും സമയോചിത നയങ്ങളുടെയും ഫലപ്രാപ്തിയുമാണെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു.
അബൂദബിയുടെ ജനസംഖ്യ 2024ല്‍ 41 ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിരോധ ശേഷി പ്രസക്തമാണെന്ന് അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഗാരിബ് അല്ഖംസി ചൂണ്ടിക്കാട്ടി. 2025ലെ ആദ്യ പാദത്തില്‍ 28.5 ബില്യന്‍ ദിര്‍ഹമാണ് ഉല്‍പ്പാദന രംഗത്തെ ജി.ഡി.പി സംഭാവന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വളർച്ച കൈവരിച്ച ഉല്‍പ്പാദനരംഗം മൊത്തം ജി.ഡി.പിയുടെ 9.3 ശതമാനമാണ് ഈ വര്‍ഷം സംഭാവന ചെയ്തിരിക്കുന്നത്.
നിര്‍മാണ രംഗം 10.2 ശതമാനം വളര്‍ച്ച കൈവരിച്ചു. 27.5 ബില്യന്‍ ദിര്‍ഹമാണ് നിര്‍മാണ രംഗത്തിന്റെ സംഭാവന. ധന, ഇന്‍ഷുറന്‍സ് രംഗം 9.1 ശതമാനം വളര്‍ച്ച കൈവരിക്കുകയും 19.6 ബില്യന്‍ ദിര്‍ഹമിന്റെ സംഭാവന നല്‍കുകയും ചെയ്തു. മൊത്ത, ചില്ലറ വ്യാപാരമേഖല 3.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 16 ബില്യന്‍ ദിര്‍ഹമാണ് ഈ രംഗത്തു നിന്ന് സംഭാവനചെയ്തത്. അതായത് മൊത്തം ജി.ഡി.പിയുടെ 5.5 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

