യു.എ.ഇ സംഘം ഇസ്രായേലിലെ ഹോളോകോസ്റ്റ് സ്മാരകം സന്ദർശിച്ചു
text_fieldsജറൂസലമിലെ ‘യാദ് വാഷം ഹോളോകോസ്റ്റ് സ്മാരകം’ സന്ദർശിച്ച് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് പുഷ്പചക്രം സമർപ്പിക്കുന്നു
അബൂദബി: അബ്രഹാം ഉടമ്പടിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇസ്രായേലിലെത്തിയ യു.എ.ഇ സംഘം ജറൂസലമിലെ 'യാദ് വാഷം ഹോളോകോസ്റ്റ് സ്മാരകം' സന്ദർശിച്ചു. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചരിത്രം വിവരിക്കുന്ന സ്മാരകം സന്ദർശിച്ചത്. ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചരിത്രസമുച്ചയത്തിന്‍റെ പങ്കിനെ ൈശഖ് അബ്ദുല്ല പ്രശംസിച്ചു.
സഹിഷ്ണുത, സഹവർത്തിത്വം, മാനുഷിക സാഹോദര്യം എന്നീ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിന് യു.എ.ഇ പങ്കുവഹിക്കുന്നത് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ പ്രത്യേകമായ താൽപര്യപ്രകാരമാണ്. കാരണം അവ സമൂഹങ്ങളിൽ സുസ്ഥിര വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള അവശ്യ സ്തംഭങ്ങളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. അബ്രഹാം ഉടമ്പടി ഒപ്പുവെച്ചതിന്‍റെ വാർഷികത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച യു.എ.ഇ സംഘത്തിന് സ്വീകരണ ചടങ്ങും ഒരുക്കിയിരുന്നു.
ഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗും വിദേശ രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് ചടങ്ങിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതുൾപ്പെടെ ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റണം. ഈ പ്രതീക്ഷകളുടെ പൂർത്തീകരണത്തിന് ലക്ഷ്യമിട്ടുള്ള സമാധാനപരമായ എല്ലാ സംരംഭങ്ങൾക്കും യു.എ.ഇ പിന്തുണ തുടരും -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

