സർക്കാർ നിക്ഷേപക രാജ്യങ്ങളിൽ യു.എ.ഇ ലോകത്ത് നാലാമത്
text_fieldsദുബൈ: യു.എ.ഇയിലെ സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപകർ 10.75 ട്രില്യൺ ദിർഹമിന്‍റെ ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഗ്ലോബൽ എസ്.ഡബ്ല്യു.എഫ് വ്യാഴാഴ്ച പുറത്തിറക്കിയ 2026ലെ വാർഷിക റിപ്പോർട്ട്. ഇതുപ്രകാരം സർക്കാർ നിക്ഷേപക രാജ്യങ്ങളിൽ യു.എ.ഇ ലോകത്ത് നാലാം സ്ഥാനത്ത് ഇടംപിടിച്ചു. ആഗോളതലത്തിൽ 13.2 ട്രില്യൺ ഡോളർ ആസ്തി മാനേജ്‌മെന്റിന് കീഴിലുള്ള യു.എസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഒന്നാം സ്ഥാനത്ത്.
തൊട്ടുപിന്നിൽ ചൈന (8.22 ട്രില്യൺ ഡോളർ), ജപ്പാൻ (3.84 ട്രില്യൺ ഡോളർ)എന്നിവയും യു.എ.ഇക്ക് ശേഷം നോർവേ (2.27 ട്രില്യൺ ഡോളർ) അഞ്ചാം സ്ഥാനത്തുമാണുമുള്ളത്. സോവറിൻ വെൽത്ത് ഫണ്ടുകൾ, പബ്ലിക് പെൻഷൻ ഫണ്ടുകൾ, സെൻട്രൽ ബാങ്കുകൾ എന്നിവ സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപത്തിൽ ഉൾപ്പെടും. യു.എ.ഇയിലെ ഏറ്റവും വലിയ ആസ്തിയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അബൂദബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി(1.18 ട്രില്യൺ ഡോളർ), ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബൈ(429ശതകോടി ഡോളർ), മുബദാല(358ശതകോടി ഡോളർ), എ.ഡി.ക്യു (251ശതകോടി ഡോളർ), എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (116 ശതകോടി ഡോളർ), ദുബൈ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (80 ശതകോടി ഡോളർ), ദുബൈ ഹോൾഡിങ് (72 ശതകോടി ഡോളർ) എന്നിവയാണ്. 2024 ഒക്ടോബറിൽ ഗ്ലോബൽ എസ്.ഡബ്ല്യു.എഫിന്റെ ഫസ്റ്റ് സിറ്റി റാങ്കിങിൽ ഓസ്‌ലോയെ മറികടന്ന് അബൂദബി ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപകരുടെ 60 ട്രില്യൺ ഡോളർ ആസ്തികളിൽ മൂന്നിലൊന്ന് ഏഷ്യയിലും, 26 ശതമാനം വടക്കേ അമേരിക്കയിലും, 19 ശതമാനം യൂറോപ്പിലും, 15 ശതമാനം ‘മെന’ മേഖലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

