ഭക്ഷ്യവിതരണ രംഗത്ത് ആഗോള കേന്ദ്രമായി യു.എ.ഇ മാറുന്നു
text_fieldsദുബൈ: ഭക്ഷ്യ വിതരണ ശൃഖലകളുടെ ആഗോള കേന്ദ്രമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി യു.എ.ഇ. ആഗോള ഭക്ഷ്യ സംവിധാനം കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴാണ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലൂടെയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയിലും യു.എ.ഇ ഭക്ഷ്യ വിതരണ രംഗത്ത് ലോക ശ്രദ്ധയാകർഷിക്കുന്നത്. നൂതന ലോജിസ്റ്റിക്സ് ഹബുകളെ സ്മാർട്ട് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കര ഗതാഗത ബന്ധങ്ങൾ എന്നിവയുടെ ശൃംഖലയിലൂടെ യു.എ.ഇ പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷ്യ സുരക്ഷയെ പിന്തുണക്കുകയാണ്.
യു.എ.ഇയുടെ വൈവിധ്യമാർന്ന ശേഷികൾ പ്രാദേശിക, ആഗോള ഭക്ഷ്യ ലോജിസ്റ്റിക്സ് സേവന രംഗത്ത് നിലവിലും ഭാവിയിലുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അനുവദിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. മോർഡോർ ഇന്റലിജൻസിന്റെ കണക്കുകൾ പ്രകാരം 2025ൽ മിഡിൽ ഈസ്റ്റിലെ ഭക്ഷ്യ ലോജിസ്റ്റിക്സ് മേഖലയുടെ മൂല്യം 67.14 ശതകോടി ഡോളറാണ്.
2030ഓടെ ഇത് 100.59 ശതകോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. അതായത്, വാർഷിക വളർച്ചനിരക്ക് 8.42 ശതമാനത്തിലെത്തും. അജിലിറ്റി എമർജിങ് മാർക്കറ്റ്സ് ലോജിസ്റ്റിക്സ് സൂചികയിൽ യു.എ.ഇയുടെ പ്രാദേശിക പ്രകടനം മികച്ചതും ആഗോളതലത്തിൽ മൂന്നാമതുമാണ്. ഇന്ത്യയും ചൈനയുമാണ് യു.എ.ഇക്ക് മുന്നിലുള്ള രാജ്യങ്ങൾ. മിഡിൽ ഈസ്റ്റിലെ ഭക്ഷ്യ ലോജിസ്റ്റിക്സ് മേഖലയുടെ വളർച്ചയാണ് യു.എ.ഇയുടെ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
നിയമ നിർമാണം, സംരംഭങ്ങൾ, പദ്ധതികൾ എന്നിവയിൽ വളർച്ച കൈവരിക്കാൻ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന്റെ സംരംഭമായ ‘ഫുഡ് ക്ലസ്റ്റർ ഇകണോമി’യാണ് ഈ നയത്തിന് കരുത്തുപകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

