ദുബൈ മുനിസിപ്പാലിറ്റിയുടെ സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsദുബൈ മുനിസിപ്പാലിറ്റിയുടെ സമ്മർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ
ദുബൈ: വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിനോദവും വാഗ്ദാനം ചെയ്ത് ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. ചിൽഡ്രൻ സിറ്റിയിൽ നടന്ന ക്യാമ്പിൽ ആറിനും 14നും ഇടയിൽ പ്രായമുള്ള 75 കുട്ടികളാണ് പങ്കെടുത്തത്.
34 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 22 വളന്റിയർമാരുടെ സഹായത്തോടെ നടന്ന ക്യാമ്പിൽ പഠനവും വിനോദവും സമന്വയിപ്പിച്ചുള്ള 160 മണിക്കൂർ നീണ്ടുനിന്ന വിവിധതരം പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ, വിനോദ, കായിക മേഖലകളിലായി 40ലധികം വർക്ഷോപ്പുകൾ ക്യാമ്പിൽ സംഘടിപ്പിച്ചു.
പ്ലാനറ്റേറിയം ഷോ, ഭൂമിശാസ്ത്രം, ലോക പര്യവേക്ഷണം, ശിശു സംരക്ഷണ പ്രോഗ്രാമുകൾ, പരിസ്ഥിതി സുസ്ഥിരത, ആംഗ്യഭാഷ, മൺപാത്ര നിർമാണ വർക്ഷോപ്പുകൾ, കാർഷിക മേഖലയും പുനരുപയോഗവും, പ്ലാസ്റ്റിക് കല, പാചക ക്ലബ് തുടങ്ങിയ വിവിധ മേഖലകളിൽ സ്പർശിക്കുന്ന വർക്ഷോപ്പുകൾ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
കൂടാതെ അൽ നസർ എഫ്.സി, മൊദേഷ് വേൾഡ്, മാജിക് പ്ലാനറ്റ്, സ്കീ ദുബൈ, ദുബൈ ഫ്രെയിം, ദുബൈ ഡോൾഫിനേറിയം, അക്വാവെഞ്ച്വർ വാട്ടർ പാർക്ക് തുടങ്ങിയ 19 വിനോദ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളും നടത്തിയിരുന്നു. ആംഗ്യഭാഷ പഠിപ്പിക്കുന്നതിനായി ദുബൈ പൊലീസ് പ്രത്യേക വർക്ഷോപ്പുകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

