ഐഷ്മുഖം പ്രകൃതി ആത്മീയതയിലലിയുന്നിടം
text_fieldsയുക്തിക്കപ്പുറമുള്ള ആത്മീയ ലോകത്തെ കൂടുതൽ അടുത്തറിയണമെന്ന ഉദ്ദേശ്യത്തിലാണ് ഇത്തവണ കശ്മീർ യാത്രക്ക് തയാറെടുത്തത്. കശ്മീരിലെ സൂഫീലോകവും അതിനെ ചുറ്റിപറ്റി നിൽക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം നേരത്തെ തന്നെ വായനയിലുണ്ടായിരുന്നു. കശ്മീരികളുടെ പ്രധാന ആത്മീയകേന്ദ്രം ഐഷ്മുഖം മഖാം സന്ദർശിക്കണമെന്നത് പുറപ്പെടും മുമ്പേ മനസ്സിലുണ്ടായിരുന്നു. പഹൽഗാമിൽ നിന്നും കേവലം ഇരുപത് മീറ്റർ മാത്രം ദൈർഘ്യമുള്ള ഐഷ്മുഖം പ്രകൃതിയാൽ അനുഗ്രഹീതയാണ്. ശ്രീനഗറിൽനിന്നും അനന്ദ്നാഗിലേക്ക് ട്രെയിൻ പിടിച്ചു. ചെലവുകുറഞ്ഞ യാത്രാമാർഗം എന്നതിനപ്പുറം ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെ എത്തിച്ചേരാം എന്നതുകൂടിയാണ് ഈ യാത്രാരീതിയുടെ ഉപകാരം. പ്രകൃതിയാൽ അനുഗ്രഹീതമായ കശ്മീരി ഗ്രാമങ്ങളിലൂടെയുള്ള ഈ ട്രെയിൻ യാത്ര നയനാനന്ദകരമായ ഒരുപാട് കാഴ്ചകൾ ഓരോ സഞ്ചാരിക്കും സമ്മാനിക്കും. ഏക്കറുകൾ നീണ്ടു കിടക്കുന്ന കുങ്കുമതോട്ടങ്ങൾ, വരിവരിയായി നീങ്ങുന്ന ചെമ്മരിയാടുകൾ, കശ്മീരി വസ്ത്രമായ ‘ഫെറാൻ’ ധരിച്ചുനിൽക്കുന്ന ഇടയന്മാർ, ഒരു ശാന്തനായ യാത്രികന് വേണ്ടതെല്ലാം ഇവിടെയുണ്ട്.
അനന്ദ്നാഗിൽ ട്രെയിൻ ഇറങ്ങിയതും ടാക്സിക്കാർ വന്നു പൊതിഞ്ഞു. അങ്ങനെയങ്ങ് വിടാൻ ഒരുക്കമല്ലായിരുന്നു. അവർ സംഖ്യ ഏറ്റിയും കുറച്ചും ചുറ്റിലും കൂടി. കേരളത്തിന് പുറത്തേക്ക് പോയാൽ, ഒരുവിധം എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. അതിജീവനത്തിന്റെ വഴികൾ ആയതുകൊണ്ടായിരിക്കണം. കുറ്റപ്പെടുത്താൻ വയ്യ. ഐഷ്മുഖത്തേക്കുള്ള ബസുകൾ ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. ബസ്റ്റാൻഡിൽ പോവണം. അപ്പുറത്തുള്ള ചെറിയ ബസിൽ കയറിയാൽ അവിടെ ഇറക്കാമെന്ന് ജീവനക്കാരൻ പറഞ്ഞു. കയറാവുന്നതിന്റെ പരമാവധി ആളുകൾ അകത്തുണ്ട്. ഇനിയും കയറ്റുന്നുമുണ്ട്. നിൽക്കാൻ പോലും ഇടമില്ലാത്ത ബസിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നതിനോടുള്ള നീരസം ആദ്യമേ ഇരിപ്പുറപ്പിച്ചവരുടെ മുഖത്ത് കാണാം.
അനന്ദ്നാഗ് എന്നാണ് പേരെങ്കിലും കശ്മീരികൾ ഇപ്പോഴും ഉപയോഗിക്കുന്നത് ഇസ്ലാമാബാദ് എന്നാണ്. സർക്കാർ സംവിധാനങ്ങളിലെല്ലാം പേര് അനന്ദ്നാഗ് എന്നാക്കിയിട്ടുണ്ടെങ്കിലും അതുൾകൊള്ളാൻ കശ്മീരികൾ ഇപ്പോഴും തയ്യാറല്ല. ബസിലെ ബോഡിലും മറ്റുമെല്ലാം അവർ ഇസ്ലാമാബാദ് എന്ന് മാത്രമേ രേഖപ്പെടുത്തൂ. വിശാൽ ബദ്വ വാജ് സംവിധാനം ചെയ്ത ഹൈദർ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രം നാടെവിടെ എന്ന് ചോദിച്ചപ്പോൾ ‘ഇസ്ലാമാബാദ്’ എന്ന് മറുപടി നൽകിയപ്പോൾ അധികാരിയുടെ സംശയത്തിനിടയാവുകയും പിടിച്ചുവെക്കുന്നതുമായ ഒരു സീൻ ഉണ്ടല്ലോ. അതുപോലെയാണ് ഇന്നും കശ്മീർ അധികാരികൾക്ക് ഇസ്ലാലാമാബാദ് എന്ന പേരിനോടുള്ള മനോഭാവം. ശത്രുരാജ്യത്ത് ആ പേരിൽ പ്രശ്സ്തമായ ഒരു നഗരമുണ്ടായതാവാം ഇതിനുകാരണം.
സ്റ്റാൻഡിൽ നിന്നും ഐഷ്മുഖത്തേക്ക് ബസ് ലഭിച്ചു. കശ്മീരിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായത് കൊണ്ട് തന്നെ ഇടക്കിടെ ബസ് സർവീസുകൾ ഇവിടുന്ന് ലഭ്യമാണ്. ഒരാഴ്ചയായി നിരന്തരം യാത്രയിലാണ്. രാവിലെ റൂമിൽ നിന്നിറങ്ങിയാൽ രാത്രിയാവും തിരിച്ചെത്താൻ. അതിന്റെ ക്ഷീണവും കശ്മീരിന്റെ പരിചിതമായ തണുത്ത കാറ്റും ശാന്തമായ നിദ്രയിലേക്ക് തള്ളിയിട്ടു. സമയമോ കാലമോ നോക്കാതെയാണ് കശ്മീരിൽ ബസുകൾ സർവീസ് നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. കണ്ടിടത്തെല്ലാം നിർത്തി വളരെ പതുക്കെയുള്ള യാത്ര യാത്രികന്റെ മനം മടുപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെയാവും ടാക്സികൾക്കും ഷെയർ ടാക്സികൾക്കും കശ്മീരിൽ വലിയ സ്വീകാര്യതയുണ്ടായത്.
ഉണർന്നപ്പോൾ വഴിയരികിലെല്ലാം ചെറിയ താത്കാലിക കടകൾ നിരയായി നിൽക്കുന്നു. ലക്ഷ്യസ്ഥാനം എത്തിയെന്നു മനസ്സിലായി. ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങൾക്കെല്ലാം എന്നും ഒരേ ബായ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഹൈന്ദവ ക്ഷേത്രമാവട്ടെ, മുസ്ലിം ദർഗകളാവട്ടെ, കേരളമാവട്ടെ, കശ്മീരാവട്ടെ എല്ലാത്തിലും ഒരേ ബായ കാണാം. തെരുവുകൾക്കെല്ലാം ഒരേ മണമാണ്. ആത്മീയത തേടി അവിടെ എത്തുന്നവർക്കെല്ലാം ഒരേ വികാരമാണ്. പഴയ സി.ഡി പ്ലെയറുകളിൽ നിന്നും ഉയരുന്ന ഭകതിഗാനങ്ങളെല്ലാം ഒരേ ഈണമാണ്.
ഒരു ചെറിയ കയറ്റം കയറി ബസ് നിർത്തി. ഏതാണ്ടെല്ലാ യാത്രികരും ഇറങ്ങിയിട്ടുണ്ട്. ഞങ്ങൾ മൂന്നാലു പേർ മാത്രമാണ് ഇപ്പോൾ ബസിൽ. ഇവിടെ ഇറങ്ങണം, ബസ് ഇനി മുന്നോട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞു. ദർഗയാണ് ഞങ്ങളുടെ യാത്രാലക്ഷ്യമെന്നും എങ്ങനെ അവിടെ എത്താമെന്നും ചോദിച്ചപ്പോൾ ജീവനക്കാരൻ വഴി പറഞ്ഞുതന്നു.
100 മീറ്റർ കൽപടവുകൾ കയറി വേണം മഖാമിലെത്താൻ. ഇതെന്താ ആരും വരരുതെന്ന് കരുതിയാണോ ഇത്രേയും ഉയരത്തിൽ പോയി മഖ്ബറ പണിതതെന്ന സുഹൃത്തും സഹയാത്രികനുമായ മിദ്ലാജിന്റെ ചോദ്യം ഇത് വഴികടന്നു പോയ ഓരോ യാത്രികന്റെയും മനസ്സിലുദിച്ചു കാണും.
15 ാം നൂറ്റാണ്ടിലെ സൂഫീ വര്യൻ ഹസ്റത് സൈനുദ്ദീൻ വാലിയുടെ മഖ്ബറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. കശ്മീരിലെ പ്രധാന സൂഫികളിലൊരാളായി കണക്കാക്കപ്പെടുന്ന സൈനുദ്ദീൻ വാലി കാശ്മീരിന്റെ സൂഫി ചരിത്രത്തിലെ തന്നെ അവിസ്മരണീയ സാന്നിധ്യമാണ്.
കിഷ്ത്വാറിലെ രാജ കുടുംബത്തിലാണ് സൈനുദ്ദീന്റെ ജനനം. ഹിന്ദു രജ്പുത് കുടുംബമായിരുന്നു അത്. സിയാ സിങ് എന്നാണ് യഥാർഥ പേര്. പിതാവ് യാഷ് സിങ് സൈനുദീന്റെ 13 ാം വയസ്സിൽ മരിച്ചു. അതേ സമയത്ത് തന്നെ സിയാ സിങ് രോഗിയായി. രോഗ ശമനത്തിനുള്ള എല്ലാ വഴികളും തേടി അമ്മ പലയിടത്തും അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിലാണ് ശൈഖ് നൂറുദ്ദീൻ അത് വഴി പോകുന്നുണ്ടെന്ന് കേൾക്കുന്നത്. കശ്മീരിലെ പ്രധാന ആത്മീയാചാര്യനാണ് നൂറുദ്ദീൻ. രാജ്ഞി നൂറുദീനോട് തന്റെ സങ്കടം ബോധിപ്പിച്ചു. നൂറുദ്ദീൻ പ്രാർഥിക്കുകയും രോഗം ശമനമായാൽ തന്നെ വന്നുകാണണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. രോഗം മാറി. സിയാ സിങ് പക്ഷെ ശൈഖിനെ സന്ദർശിച്ചില്ല. രോഗം വീണ്ടും മൂർച്ഛിച്ചു. ഈ തവണ രാജ്ഞി ശൈഖിനെ സ്വപ്നം കാണുകയും രോഗം ഭേദമാവാൻ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. രോഗം മാറിയാൽ ഇത്തവണ തന്നെ കാണാൻ വരണമെന്ന് ശൈഖ് ഓർമപ്പെടുത്തി.
രോഗം മാറി. സിയാ സിങും മാതാവും കിഷ്ത്വാറിൽ നിന്നും കാശ്മീരിലെ ബാംസുവിലേക്ക് യാത്ര തിരിച്ചു. ദിവസങ്ങൾ ദൈർഘ്യമുള്ള ഈ യാത്രയുടെ പാത അതീവ ദുർഘടം പിടിച്ചതാണ്. രാജകീയ യാത്ര ആയതുകൊണ്ടുതന്നെ പരിവാരങ്ങളുമായാണ് രാജ്ഞിയുടെയും രാജകുമാരന്റെയും യാത്ര. ഒടുവിൽ ശൈഖിന്റെ ഖാൻഖാഹിലെത്തുകയും ശൈഖിനെ കാണുകയും ചെയ്തു. ഉടനെ ഇരുവരും മതം മാറി സൈനുദ്ദീൻ, സൂൺ ദീദ് എന്നീ പേരുകൾ സ്വീകരിക്കുകയായിരുന്നുവെന്നുമാണ് ചരിത്രം. സ്റ്റെപ്പുകൾക്കിരുവശവും പെട്ടിക്കടകൾ നിരയായി കെട്ടിയുണ്ടാക്കിയിട്ടുണ്ട്. മധുര പലഹാരങ്ങൾ വിൽക്കുന്ന കടകളാണ് മിക്കതും. ഔലിയാക്കളുടെ കഥകളടങ്ങിയ പുസ്തകങ്ങൾ, അവരെ കുറിച്ചുള്ള സ്തുതി ഗീതങ്ങളുടെ സി.ഡികൾ, മഖാമിലേക്കുള്ള നേർച്ച സാധനങ്ങൾ തുടങ്ങി പലതും ഇവിടെ വിൽക്കപെടുന്നു. പടികൾ കയറി മുകളിലെത്തിയപ്പോഴേക്കും ക്ഷീണിച്ചിരുന്നു. അവിടുന്ന് കണ്ട കാഴ്ചകൾ പക്ഷെ ആ ക്ഷീണത്തെ എല്ലാം മായ്ച്ചു കളഞ്ഞു. ലിഡ്ഡർ താഴ്വരയിലാണ് മഖാം സ്ഥിതി ചെയ്യുന്നത്. മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായ കാഴ്ചയാണ്. ഒരു ഭാഗത്ത് വിശാലമായ, പച്ച പുതച്ച കൃഷിയിടം. അതിനിടയിലൂടെ ഒഴുകുന്ന അരുവികൾ. മറുഭാഗത്ത് ജനവാസ മേഖലയാണ്. പുരാതന ശൈലിയിലുള്ള വീടുകളും അവ രൂപപ്പെടുത്തിയ ഗ്രാമവും സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഖാൻഖാഹ് എന്നറിയപ്പെടുന്ന രണ്ട് പള്ളികളും മഖ്ബറയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശൈഖ് സൈനുദ്ദീൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ശേഖരിച്ചുവെച്ച ചെറിയ മുറിയും ഇവിടെ കാണാം.
നൂറുദ്ദീന്റെ ആത്മീയ സരണിയിൽ അംഗമായ സൈനുദ്ദീൻ മണ്ഡജൻ എന്ന സ്ഥലത്ത് ദീർഘകാലം തപസ്സിരിക്കുകയും ശേഷം ഗുരു നൂറുദ്ദീന്റെ നിർദേശ പ്രകാരം ഇവിടെ വരികയായിരുന്നുവെന്നുമാണ് ചരിത്രം. പാമ്പും തേളും നിറഞ്ഞ ഗുഹാമുഖമായിരുന്നു ഇതെന്നും തെന്റെ കയ്യിലുണ്ടായിരുന്ന മാന്ത്രിക വടി നിലത്തിട്ടപ്പോൾ പാമ്പുകളെല്ലാം പതിനാറുകിലോമീറ്റർ അപ്പുറത്തുള്ള ഫുർപുജാനിലേക്ക് പോയി എന്ന് തുടങ്ങി ശൈഖിനെ കുറിച്ചുള്ള പല കഥകളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
പടവുകൾ അവസാനിക്കുന്നത് വിശാലമായൊരു ചത്വരത്തിലേക്കാണ്. മധ്യത്തിലായി പ്രധാന ഹാൾ കാണാം. ഉള്ളിൽ കയറിപ്പോഴാണ് അതൊരു ഗുഹയാണെന്ന് മനസ്സിലായത്. ഗുഹാമുഖം മനോഹരമായ കവാടം കൊണ്ട് ആകർഷകമാക്കിയിരിക്കുന്നു. അതിനകത്തേക്ക് കയറി. വലിയ തിരക്കൊന്നുമില്ല. ഇരുവശത്തുമുള്ള കൽതിണ്ടുകളിൽ രണ്ട് മൂന്ന് ഭക്തർ ഇരിപ്പുറച്ചിട്ടുണ്ട്. ഓത്തിലും ദിക്റിലുമാണവർ. നാലഞ്ച് മഞ്ഞ നിറത്തിലുള്ള വിളക്കുകൾ മുറിയുടെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രകാശം ആ മുറിക്ക് പ്രത്യേകം മാനം പകരുന്നു. സൽമാൻ ഖാൻ നായകനായി 2015 ൽ പുറത്തിറങ്ങിയ ‘ബജിറംഗി ബായിജാൻ’ എന്ന സിനിമയിലെ ഗാനം ചിത്രീകരിച്ചത് ഈ ദർഗ പശ്ചാത്തലമാക്കിയാണ്. ആ വഴിയും ഇതൊരു ആകർഷണ കേന്ദ്രമായി. മഖാമിലുള്ള വിശ്വാസികൾ തന്നെ പരിചയപ്പെടുത്തി തുടങ്ങുമ്പോൾ സൽമാൻ ഖാനെയും ‘ബജ്റംഗിയെയും കുറിച്ചു സംസാരിച്ചുതുടങ്ങും.
ആ ശാന്തതയിൽ അൽപനേരം ഇരിക്കാമെന്ന് കരുതി. ഇത്ര ഉയരത്തിലേക്ക് കയറിയതിന്റെ ക്ഷീണവും ഉച്ചവെയിലിന്റെ തീക്ഷ്ണതയും അവിടെ ഇരുത്തി. പെട്ടെന്നാണ് ഒരു സ്ത്രീശബ്ദം ഉയർന്നു കേൾക്കുന്നത്. പാട്ടാണ്, അവിടെ അന്തിയുറങ്ങുന്ന ശൈഖിന്റെ സ്തുതിഗീതവും ശൈഖിനോടുള്ള സഹായതേട്ടവുമാണെന്ന് മനസ്സിലായി. ഉർദുവിലാണ് പാട്ട്. ഇത്തരം ആത്മീയ കേന്ദ്രങ്ങൾ എല്ലാകാലത്തും പാട്ടിന്റെയും സംഗീതത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അജ്മീറിലെയും ദൽഹി നിസാമുദ്ദീൻ ദർഗയിലെയുമൊക്കെ ഖവ്വാലികൾ പ്രശസ്തമാണല്ലോ. ആ ശാന്തതയിൽ, പാറയിൽ കൊത്തിയെടുത്ത ഇരിപ്പിടത്തിൽ ദർഗകൾക്കുമാത്രം സമ്മാനിക്കാനാവുന്ന പ്രത്യേക സുഗന്ധവും ആസ്വദിച്ചു ഞാനങ്ങനെ ഇരുന്നു.
ഗുഹ അകത്തേക്ക് നീണ്ടുപോവുന്നു. രണ്ട് പേർ അതിനുള്ളിൽ നിന്നും പുറത്തുവരുന്നു. ഉള്ളിലൊന്ന് പോയി കണ്ടുവരാമെന്ന് കരുതി. ഉള്ളിലേക്ക് പോകുംതോറും വിസ്താരം കുറഞ്ഞുവരികയാണ്. വഴി ഒന്നു വളഞ്ഞു. ചെറിയൊരു മുറി കണ്ടു. കുനിഞ്ഞു വേണം ഉള്ളിലേക്ക് കടക്കാൻ. മഖാമിന്റെ രക്ഷാധികാരി എന്ന് തോന്നിക്കുന്നയാൾ അവിടെ ഇരിക്കുന്നുണ്ട്. മുടിയിലും താടിയിലുമെല്ലാം നരവീണ, പ്രായം ചെന്നൊരാൾ. നീണ്ട പ്രാർഥനയിലാണദ്ദേഹം. അപ്പുറത്ത് രണ്ട് വിശ്വാസികളും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. വാതിൽക്കൽ മുഖം കാണിച്ച ഞങ്ങളെയും അദ്ദേഹം ഉള്ളിലേക്ക് ക്ഷണിച്ചു. സൈനുദ്ദീൻ ശൈഖിന്റെ മഖ്ബറ ഇവിടെയാണ്. അതിനടുത്ത് ഇരുന്നാണ് ഇദ്ദേഹം പ്രാർത്ഥന നടത്തുന്നത്. ഇത്തിരി നേരം അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ കൂടെ ചേർന്ന് ഞങ്ങളവിടെ ഇരുന്നു.
ജീവിതം പോലെ തന്നെ ശൈഖിന്റെ മരണത്തെ കുറിച്ചും വ്യത്യസ്തമായ കഥകൾ പ്രചാരത്തിലുണ്ട്. ശൈഖിന്റെ മരണത്തിന്റെ യഥാർഥ തിയതി അറിയില്ലെങ്കിലും ഏപ്രിൽ 25 നാണ് അത് ആഘോഷിക്കപ്പെടുന്നത്. ഒരു സൂഫിയുടെ ആണ്ട് എന്നതിനപ്പുറം ഒരു നാടിന്റെ ഉത്സവമായി അത് കൊണ്ടാടപ്പെടുന്നു. സൂൾ ഫെസ്റ്റിവൽ എന്നാണതറിയപ്പെടുന്നത്. നാടിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ളവർ ‘മഷാൽ’ എന്നറിയപ്പെടുന്ന ചൂട്ടുമായി ദർഗയുടെ നേരെ റാലിയായി വരും. സന്ധ്യാ സമയത്താണിത് ആരംഭിക്കുക. വ്യത്യസ്ത പ്രാർഥനകളും സ്തുതി ഗീതങ്ങളും ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടുള്ള യാത്ര ദർഗക്ക് സമീപം അവസാനിക്കുന്നു. ഭക്ത ജനങ്ങളെല്ലാം ഇവിടെ ഒരുമിച്ചുകൂടുന്നു. ഇതിനായി വിദൂര ദേശത്തു നിന്നുപോലും എത്തിപ്പെടുന്നവരുണ്ട്. വർഷങ്ങളായി തുടർന്ന് വരുന്ന ഈ ആഘോഷം അവരുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ഏതെങ്കിലും വർഷം ഇത് മുടങ്ങിയാൽ നാട്ടിലെന്തെങ്കിലും ദുരന്തം സംഭവിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
പ്രാർഥനകളടങ്ങിയ സംഗീതം പതുക്കെ അവസാനിച്ചു. ഇപ്പോൾ മുറിയിൽ ഏതാണ്ട് നിശബ്ദ് നിറഞ്ഞിരിക്കുന്നു. ചിലരെല്ലാം ഉള്ളിലേക്ക് പ്രവേശിക്കുന്നു. പലരും പുറത്തേക്കുവരുന്നു. ഈ നേരത്ത് വലിയ തിരക്കൊന്നും ഇല്ല.
ദർഗയിൽ നിന്നും ഇറങ്ങാൻ സമയമായിരിക്കുന്നു. കവാടത്തിനടുത്ത് വിശ്വാസികൾ വെച്ചു നീട്ടുന്ന നാണയ തുട്ടുകൾക്കായി കാത്തിരിക്കുന്നവരുണ്ട്. എല്ലാ പുണ്യകേന്ദ്രങ്ങളിലും കാണും ഇങ്ങനെ ഒത്തിരി പേർ. നാടില്ലാത്ത, വീടില്ലാത്ത, കൂട്ട് കുടുംബങ്ങൾ പോലും സ്വപ്നം മാത്രമായവർ. അവർക്ക് ദർഗയാണെല്ലാം. ഊണിനും ഉറക്കിനും ആശ്രയം ദർഗയാണ്. ദർഗയിലേക്കെത്തുന്നവർ നീട്ടുന്ന നാണയ തുട്ടുകളാണ് അവരുടെ ഏക സമ്പാദ്യം.പടവുകൾ താഴേക്കിറങ്ങി. വഴിയരികിലെ കച്ചവടക്കാരെല്ലാം മാടി വിളിക്കുന്നുണ്ട്. മനോഹരമായ ഹൽഗാം വാലി ഞങ്ങളെ കാത്തിരിക്കുന്നു. കേരളത്തിൽ വന്ന, മലയാളികളെ സ്നേഹിക്കുന്ന മുസ്തഫ എന്ന കശ്മീരിയുടെ സുമോയിൽ പഹൽഗാം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

