മർസാന രാത്രി ബീച്ചിന്‍റെ വലിപ്പം ഇരട്ടിയാക്കി
text_fieldsഅബൂദബി ഹുദൈരിയാത്ത് ദ്വീപിലെ രാത്രികാല ബീച്ചിന്‍റെ ദൃശ്യം
അബൂദബി: ഹുദൈരിയാത്ത് ദ്വീപിലെ മര്‍സാന ഈസ്റ്റ് ബീച്ചില്‍ ജൂലൈയില്‍ ആരംഭിച്ച നൈറ്റ് സ്വിമ്മിങ്ങ് ബീച്ചിന്‍റെ വലിപ്പം ഇരട്ടിയാക്കി. ബീച്ചിന്‍റെ സ്വീകാര്യത വര്‍ധിക്കുകയും സന്ദര്‍ശകരുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. 140 മീറ്റര്‍ ആയിരുന്നു ഇതുവരെ നൈറ്റ് ബീച്ചിന്‍റെ വലിപ്പം. ഇത് 120 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 260 മീറ്റര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്.
അസ്തമയശേഷവും കടലില്‍ യഥേഷ്ടം കുളിക്കാനുള്ള അവസരമാണ് നൈറ്റ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. വാരാന്ത്യങ്ങളില്‍ അര്‍ധരാത്രി വരെയും പ്രവൃത്തിദിനങ്ങളില്‍ രാത്രി 10വരെയുമാണ് നൈറ്റ് ബീച്ചില്‍ സന്ദര്‍ശനത്തിന് അവസരം. വലിപ്പം കൂട്ടിയതിനൊപ്പം ബീച്ചില്‍ വെളിച്ചം നല്‍കുന്നതിന് ലൈറ്റുകള്‍ സ്ഥാപിക്കുകയും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശീലനം നേടിയ ലൈഫ് ഗാര്‍ഡുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ചകളില്‍ ഡി.ജെ പരിപാടികളുമുണ്ടാവും. ആഗസ്ത് ആദ്യം മുതല്‍ ഫയര്‍ ഷോയും ഒരുക്കുന്നുണ്ട്. ബീച്ചിലെ മണലില്‍ വിശ്രമിക്കാനാഗ്രഹിക്കുന്നവര്‍ക്കായി സണ്‍ ലോഞ്ചറുകളും സജ്ജമാണ്. സൗജന്യ ടവലുകളും തണുത്ത വെള്ളം നിറച്ച മിനി കൂളറുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഭക്ഷണം വേണ്ടവര്‍ക്ക് സൗകര്യപ്രദമായ ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ച് മര്‍സാനയുടെ കഫേകളില്‍ നിന്നും റസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണ പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതും ബീച്ചിലെ എട്ട് ഔട്ട്ലെറ്റുകളില് നിന്നും ഇവ ശേഖരിക്കാവുന്നതുമാണ്. ഇതിനു പുറമേ ഏഴ് ഔട്ട് ലെറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

