ഇറാനിൽ മുങ്ങിയ യു.എ.ഇ കപ്പലിലെ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു
text_fieldsഇറാൻ തീരത്ത് മുങ്ങിയ യു.എ.ഇ കപ്പൽ
ദുബൈ: ഇറാനിൽ മുങ്ങിയ യു.എ.ഇയുടെ ചരക്ക് കപ്പലിലെ രണ്ട് ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു. 30 പേരിൽ 28 പേരെയും രക്ഷിച്ചിരുന്നു. എല്ലാവരെയും രക്ഷിച്ചുവെന്നാണ് അറിയിച്ചിരുന്നതെങ്കിലും രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഇന്ത്യക്കാരും കപ്പലിലുണ്ട്. കണ്ടെത്താനുള്ളവർ പാകിസ്താൻ സ്വദേശികളാണെന്നാണ് വിവരം.
ഇറാനിലെ അസലൂയ തീരത്ത് വ്യാഴാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലാണ് കപ്പൽ മുങ്ങിയത്. ഇറാഖിലെ ഉമ്മുഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താൻ, സുഡാൻ, ഉഗാണ്ട, താൻസനിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. 16 പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 12 പേർക്ക് ജീവൻരക്ഷ ഉപകരണങ്ങൾ നൽകിയ ശേഷം പിന്നീട് രക്ഷപ്പെടുത്തി. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ സൽമി 6 എന്ന കപ്പലാണ് മുങ്ങിയത്. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. രണ്ട് ഇറാൻ കപ്പലുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ചൊവ്വാഴ്ച ദുബൈ റാശിദ് പോർട്ടിൽനിന്നാണ് കപ്പൽ പുറപ്പെട്ടത്. വെള്ളിയാഴ്ച ഇറാഖിൽ എത്തേണ്ടതായിരുന്നു. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് കപ്പൽ അപകടത്തിൽപെട്ടതായി കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത്. രാവിലെ പത്ത് മണിയോടെ കപ്പൽ പൂർണമായും മുങ്ങി. ഹെലികോപ്ടർ, ബോട്ട് തുടങ്ങിയവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 1983ൽ നിർമിച്ച കപ്പലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

