ഗ്രാമവികസന സംരംഭമായ ‘മസ്ഫൂത്ത് ഗേറ്റ്’ പദ്ധതിക്ക് തുടക്കം
text_fieldsഅജ്മാനിൽ ‘മസ്ഫൂത്ത് ഗേറ്റ്’ പദ്ധതി അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ്
അൽ നുഐമി ഉദ്ഘാടനം ചെയ്യുന്നു
അജ്മാന്: യു.എ.ഇ ഗ്രാമ വികസന സംരംഭത്തിന്റെ ഭാഗമായി അജ്മാനിൽ ‘മസ്ഫൂത്ത് ഗേറ്റ്’ പദ്ധതിക്ക് തുടക്കമായി.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് അജ്മാനിലെ മസ്ഫൂത്ത് പ്രദേശത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഗ്രാമങ്ങളിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റ് അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ പദ്ധതി നിർമിച്ചിരിക്കുന്നത്. 40 മീറ്റർ വരുന്ന വാസ്തുവിദ്യാ നടപ്പാത ഇതില് ഉൾക്കൊള്ളും. യു.എൻ ടൂറിസം 2025ൽ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള പദവി അജ്മാനിലെ മസ്ഫൂത്ത് വില്ലേജിന് നൽകിയിരുന്നു.
യു.എ.ഇ ഗ്രാമങ്ങൾ വികസിപ്പിക്കുക, അവയുടെ സേവനങ്ങളും സുപ്രധാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക, ദേശീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ഥലങ്ങളാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടുള്ള കൗൺസിലിന്റെ തന്ത്രപരമായ സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. അജ്മാന്റെ സമഗ്ര വികസന യാത്രയിലെ നാഴികക്കല്ലാണ് മസ്ഫൂത്ത് ഗേറ്റ് പദ്ധതി പ്രതിനിധീകരിക്കുന്നതെന്നും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങൾക്കും പ്രയോജനപ്പെടുന്ന സന്തുലിത വികസനം കൈവരിക്കുക എന്ന യു.എ.ഇയുടെ കാഴ്ചപ്പാട് ഇത് ഉൾക്കൊള്ളുന്നുവെന്നും അജ്മാന് ഭരണാധികാരി പറഞ്ഞു. ഗ്രാമങ്ങളുടെയും പ്രദേശങ്ങളുടെയും വികസനത്തിന് സംഭാവന നൽകുന്നതും ആഗോള ടൂറിസം, സാംസ്കാരിക കേന്ദ്രങ്ങൾ എന്ന പദവി ഉയർത്തുന്നതുമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അധ്യക്ഷനായ എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റിന്റെ ശ്രമങ്ങളെ അജ്മാൻ ഭരണാധികാരി പ്രശംസിച്ചു.
എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ഖലീഫ അൽ കഅബി, അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ നുഐമി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടനത്തിൽ
പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

