അതിശക്ത മഴക്ക് കാരണം ചുഴലിക്കാറ്റല്ല, ന്യൂനമർദം
text_fieldsദുബൈ: രാജ്യത്ത് തുടരുന്ന കാലാവസ്ഥ മാറ്റത്തിന് കാരണം ചുഴലിക്കാറ്റല്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) സ്ഥിരീകരിച്ചു. അസ്ഥിര കാലാവസ്ഥയുടെ അവസാന ഘട്ടത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരാൻ കാരണം ചുഴലിക്കാറ്റാണെന്ന തരത്തിൽ പ്രചാരണം വ്യാപകമായതോടെയാണ് എൻ.സി.എമ്മിന്‍റെ വിശദീകരണം.
നിലവിലെ മഴയെ ചുഴലിക്കാറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ശാസ്ത്രീയമായി തെറ്റാണെന്ന് എൻ.സി.എമ്മിന്‍റെ കാലാവസ്ഥ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു. ചുഴലിക്കാറ്റിന് കൃത്യമായ നിർവചിക്കപ്പെട്ട ചില സവിശേഷതകളുണ്ട്. പ്രത്യേകിച്ച് വലിയ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ ബാധിക്കുന്ന ശക്തമായ കാറ്റിനും കാര്യമായ നാശത്തിനും കാരണമാകുന്നതാണ് ചുഴലിക്കാറ്റുകൾ.
എന്നാൽ, യു.എ.ഇയിൽ അനുഭവപ്പെടുന്നത് നേർ വിപരീതമാണ്. മഴ മേഘങ്ങളുടെ രൂപവത്കരണത്തിന് കാരമായ ന്യൂനമർദമാണ് യു.എ.ഇയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വടക്ക്-പടിഞ്ഞാറ് നിന്ന് യു.എ.ഇയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദത്തിന്‍റെ ഫലമായാണ് നിലവിലെ സാഹചര്യങ്ങൾ ഉണ്ടായത്.
വലിയ അളവിൽ ഈർപ്പം വഹിച്ചുകൊണ്ടാണ് ഇതിന്‍റെ നീക്കം. അതിശക്തമായ മഴക്കും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും കാരണമാകുന്ന മഴ മേഘങ്ങളുടെ വികസനത്തിലേക്ക് നയിച്ചത് ഇതാണെന്നും ഹബീബ് വ്യക്തമാക്കി. കാറ്റിന്‍റെ സ്വഭാവം പരിശോധിക്കുമ്പോൾ ചുഴലിക്കാറ്റിൽ നിന്ന് വിത്യസ്തമാണെന്ന് മനസിലാകും.
ചുഴലിക്കാറ്റ് വ്യാപകമായ രീതിയിൽ അതി ശക്തമായാണ് വീശാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ന്യൂന മർദത്തിന്‍റെ ശക്തി ക്രമേണ കുറഞ്ഞുവരികയാണെന്ന് എൻ.സി.എം അറിയിച്ചു.
എങ്കിലും ദ്വീപുകളിലും ചില വടക്കൻ മേഖലകളിലും ഇടക്കിടെയുള്ള നേരിയതും മിതമായതുമായ മഴ തുടരും. നാളെ രാവിലെയോടെ അൽ ദഫ്റ, അബൂദബി ഭാഗങ്ങളിലേക്ക് നീങ്ങും മുമ്പ് വടക്കൻ മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെടും. പകൽ അൽഐൻ, കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്നും ചെറിയ രീതിയിൽ ആലിപ്പഴ വർഷവും പ്രതീക്ഷിക്കാമെന്നും എൻ.സി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

