നവംബർ രണ്ടാം വാരം 'റാശിദ്' റോവർ കുതിക്കും
text_fieldsറാശിദ് റോവർ
ദുബൈ: യു.എ.ഇയുടെ പ്രതീക്ഷകളും വഹിച്ച് 'റാശിദ്' റോവർ നവംബർ രണ്ടാം വാരം ചന്ദ്രനിലേക്ക് കുതിക്കും. നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും വിക്ഷേപണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്താൽ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് യു.എ.ഇയുടെ പേടകമായ റാശിദ് കുതിക്കുന്നത്. കൃത്യമായ ദിവസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ആദ്യവാരം കൃത്യമായ തീയതി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണ വാഹനമെത്തിക്കാൻ യു.എ.ഇയെ സഹായിക്കുന്ന കരാറിൽ കഴിഞ്ഞദിവസം ചൈന ഒപ്പുവെച്ചിരുന്നു. യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും ചൈനയുടെ നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷനുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ബഹിരാകാശരംഗത്തെ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുന്നത്. കരാർ യാഥാർഥ്യമാകുന്നതോടെ സ്വന്തമായി ലാൻഡർ നിർമിക്കേണ്ട ആവശ്യം ഇതോടെ വേണ്ടിവരില്ല.

