യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി
text_fieldsഅബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി മടങ്ങി. അബൂദബിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അബൂദബിയിൽ എത്തിയ മോദി മണിക്കൂറുകൾ മാത്രം ചെലവഴിച്ച ശേഷം വൈകീട്ടോടെ ന്യൂഡൽഹിയിലേക്ക് മടങ്ങി. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദി യു.എ.ഇയിൽ എത്തിയത്.
പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിക്കുകയും മുൻ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനായാണ് പ്രധാനമായും മോദി എത്തിയത്.
അബൂദബി കൊട്ടാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു.