ശൈഖ് മുഹമ്മദുമായി ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി
ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അബൂദബി അൽശാത്വി പാലസിലാണ് കൂടിക്കാഴ്ച നടന്നത്. യു.എ.ഇ മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാന്റെ നിര്യാണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. യു.എ.ഇയും ലോകരാജ്യങ്ങളും തമ്മിൽ സഹകരണത്തിന്റെയും സമാധാനത്തിന്റെയും ബന്ധം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും സംസാരിച്ചു.
പ്രസിഡന്റായി ചുമതലയേറ്റ ശൈഖ് മുഹമ്മദിനെ അഭിനന്ദിക്കുകയും പരസ്പര സഹകരണം വിപുലീകരിക്കുന്നതിന് യു.എ.ഇയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇസ്രായേലിന്റെ ആഗ്രഹവും ബെന്നറ്റ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, നിക്ഷേപം, സാമ്പത്തികം, വികസനം എന്നിവയിൽ ഉഭയകക്ഷി സഹകരണത്തിന്റെ പാത വികസിപ്പിക്കാനുള്ള അവസരം സംബന്ധിച്ചും ചർച്ച ചെയ്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

