ഇസ്രായേൽ പ്രസിഡന്റ് എക്സ്പോ സന്ദർശിച്ചു
text_fieldsഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗ് എക്സ്പോ വേദിയിൽ സംസാരിക്കുന്നു
ദുബൈ: ദ്വിദിന യു.എ.ഇ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗ് എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. ഇസ്രായേൽ ആഘോഷദിനത്തിൽ പങ്കെടുക്കുകയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭാര്യ മിഷേൽ ഹെർസേഗിനൊപ്പം ഇസ്രായേൽ, യു.എ.ഇ പവലിയനുകളും അല വസ്ൽ പ്ലാസയും സന്ദർശിച്ചു.
കൂടുതൽ രാജ്യങ്ങൾ യു.എ.ഇയെ പിന്തുടർന്ന് അബ്രാഹാം കരാറിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസാക് ഹെർസോഗ് പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയ ശേഷം വ്യാപാരം ഒരു ബില്യൺ ഡോളർ കടന്നതായും രണ്ടര ലക്ഷം ഇസ്രായേലികൾ ഇതിനകം യു.എ.ഇ സന്ദർശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എക്സ്പോ 2020 ദുബൈ വലിയ നേട്ടമാണെന്നും ഈ രാജ്യത്തെ ധീരരായ നേതാക്കളെ കണ്ടുമുട്ടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ ജൂത സമൂഹവുമായി പ്രത്യേക കൂടിക്കാഴ്ചയും ഐസാക് ഹെർസോഗ് നടത്തി.

