വാദി ഷീസില്‍നിന്ന് ഖോർഫക്കാൻ പ്രധാന ഗ്രിഡിലേക്കുള്ള പവർ കണക്ഷൻ പൂര്‍ത്തിയായി
text_fieldsഷാര്‍ജ: വാദി അല്‍ ഷീസില്‍നിന്ന് തുരങ്കങ്ങളിലൂടെ ഖോർഫക്കാെൻറ പ്രധാന ഇലക്ട്രിക്കൽ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന വൈദ്യുതി പദ്ധതി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) പൂർത്തിയാക്കി.
ഇതോടെ പ്രദേശത്തെ ഡീസല്‍ ജനറേറ്ററുകള്‍ ഒഴിവാക്കും. മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് പ്രദേശവാസികള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുവാനുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ഖോർഫക്കാൻ സേവ വകുപ്പ് ഡയറക്ടർ എൻജിനീയര്‍ അഹമ്മദ് അൽ മുല്ല പറഞ്ഞു.
നാല് ഡീസൽ ജനറേറ്ററുകളിൽ പ്രവർത്തിക്കുന്ന ഒരു പ്രൊഡക്ഷൻ സ്റ്റേഷൻ വഴി 1982 മുതൽ ഷീസ് പ്രദേശത്തിന് വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ശേഷി 1220 കിലോവാട്ട് ആയിരുന്നു.
ഖോർഫക്കാെൻറ പ്രധാന ശൃംഖലയുമായി പ്രദേശം ബന്ധിപ്പിച്ച ശേഷമാണ് ജനറേറ്ററുകൾ മാറ്റിയതെന്ന് അല്‍ മുല്ല പറഞ്ഞു.ഷീസിലെ പ്രധാന വൈദ്യുത ഗ്രിഡ് പ്രവർത്തിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും ദ്രാവക ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും വായു, ശബ്ദ മലിനീകരണം കുറക്കാനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

