'കുഞ്ഞുകാര്യങ്ങളുടെ ഫോട്ടോഗ്രാഫർ'; മാക്രോ ലോകത്തേക്ക് കാമറ തിരിച്ച് അനീഷ് കരിങ്ങാട്ടിൽ
text_fieldsവലുപ്പവും പൊക്കവും അതിവേഗം എല്ലാവരുടെയും കണ്ണിലുടക്കും. കണ്ണുകളെ ആകർഷിക്കുന്നതെന്തും കാമറകളെയും ആകർഷിക്കും. കെട്ടിടങ്ങളിൽ ബുർജ് ഖലീഫയും ജീവികളിൽ ആനയുമൊക്കെ കാമറയിൽ നിത്യേന പതിയുന്നത് അതിനാലാവണം. എന്നാൽ ഇവിടെയൊരാൾ പ്രപഞ്ചത്തിലെ അതിനിസ്സാരമെന്ന് തോന്നിക്കുന്ന, എന്നാൽ അതിശയിപ്പിക്കുന്ന സൗന്ദര്യത്തിന്റെ കലവറയായ കുഞ്ഞു ജീവികളിലേക്ക് കാമറ തിരിച്ചുവെച്ചിരിക്കയാണ്. അനീഷ് കരിങ്ങാട്ടിൽ എന്ന ദുബൈ പ്രവാസിയാണ് ‘കുഞ്ഞുകാര്യങ്ങളുടെ ഫോട്ടോഗ്രാഫറാ’യി ശ്രദ്ധേയനാകുന്നത്.
തൃശൂർ ജില്ലയിലെ വലപ്പാട് സ്വദേശിയായ അനീഷിന്റെ ഫോ ട്ടോഗ്രഫി പ്രേമത്തിന് ചിറക് മുളച്ചത് പ്രവാസി ജീവതത്തിലാണ്. വിദ്യാർഥി കാലത്ത് നാട്ടിൽ കാമറ വാങ്ങാനും പരീക്ഷിക്കാനും ഒന്നും സാഹചര്യമുണ്ടായിരുന്നില്ല. 2006ലാണ് ജീവിത സ്വപ്നങ്ങളുമായി ദുബൈയിൽ കാലുകുത്തുന്നത്. ഇന്റീരിയർ ഡിസൈനറായി ജോലി ലഭിച്ച ആദ്യകാലത്തുതന്നെ ഒരു ഡി.എസ്.എൽ.ആർ കാമറ സ്വന്തമാക്കി. 15വർഷം മുമ്പ് 2008ൽ ഫോട്ടോഗ്രഫിയിലെ ബാലപാഠങ്ങൾ മാത്രമറിയുന്ന അവസ്ഥയിൽ കാമറ കയ്യിലേന്തി. ഫോട്ടോഗ്രഫിയുടെ പാഠങ്ങൾ സ്വന്തം തന്നെ പഠിച്ചെടുക്കുകയായിരുന്നു. ഒഴിവുദിനങ്ങളിൽ കാമറയുംതൂക്കി സഞ്ചാരം തുടങ്ങി. ദുബൈയിലും പരിസരത്തുമുള്ള നിരവധി സുന്ദര ചിത്രങ്ങൾ കാമറക്കുള്ളിലാക്കി. മലയാളി ഫോട്ടോഗ്രാഫർമാരുടെ ദുബൈയിലെ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമായത് പലരുടെയും അഭിപ്രായങ്ങളറിയാനും ഉപദേശങ്ങൾ സ്വീകരിക്കാനും സഹായകമായി. അതിലുപരി തന്നെപ്പോലെ ഫോട്ടോഗ്രഫിയെ പാഷനായി കൊണ്ടുനടക്കുന്ന നിരവധി പേരെ പരിചയപ്പെടാൻ കാരണവുമായി. വഴികാട്ടിയായി മുഹമ്മദ് അർഫാൻ ആസിഫ് എന്ന സുഹൃത്തുമണ്ടോയിരുന്നു. ദുബൈ നഗരത്തിന്റെ കാഴ്ചകൾക്ക് പുറമെ നാട്ടിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളും അതിനിടയിൽ കാമറയിൽ പതിഞ്ഞു.
ഒരു മേഖലയിൽ സ്പെഷലെസ്ഡ് ആകുന്നത് ആദ്യകാലത്തൊന്നും പരിഗണനയായിരുന്നില്ല. എന്നാൽ ഓരോ ഫോട്ടോഗ്രാഫർക്കും സ്വന്തമായ ചില പ്രത്യേകതകളുണ്ടാകുമല്ലോ? അത്തരത്തിൽ അനീഷ് പകർത്തിയ കുഞ്ഞു ജീവികളുടെ ചിത്രങ്ങളെ കുറിച്ച് പലരും മികച്ച അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. പ്രകൃതിയിലെ മിക്കവരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കുഞ്ഞു ജീവികളാണതിൽ ചിത്രങ്ങളായത്. അങ്ങനെയെങ്കിൽ കുഞ്ഞുലോകത്തെ ചിത്രങ്ങൾ മാത്രമായി പ്രദർശിപ്പിക്കാമെന്ന ചിന്തയുദിച്ചു. അതിന്റെ ഉത്തരമായാണ് ഇന്സ്റ്റഗ്രാമിൽ ‘ak_macro_world’ എന്ന പേജ് തുടങ്ങുന്നത്. നാൽപതിനായിരത്തോളം ഫോളോവേഴ്സുള്ള ശ്രദ്ധേയമായ പേജാണിതിന്ന്. ഇത്രയും സൗന്ദര്യം ഈ മണ്ണിലുണ്ടോ എന്ന് സംശയിച്ചുപോകുന്ന തരത്തിൽ അൽഭുതകരമായ ചിത്രങ്ങൾ ഇക്കൂട്ടത്തിൽ കാണാനാകും. ഇലകളിലും പൂക്കളിലും ഓടിയും ചാടിയും പറന്നും സഞ്ചരിക്കുന്ന ഈ ജീവികളെ കാമറയിലാക്കുന്നത് എളുപ്പമൊന്നുമല്ല. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണത്.
ദുബൈ, ഷാർജ, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിലും കുന്നിൽ പുറങ്ങളിലും മരുഭൂമിയിലുമൊക്കെ മണിക്കൂറുകൾ ചിലവഴിച്ചാണ് ചിത്രങ്ങൾ പകർത്തുന്നത്. അനീഷിന്റെ മാക്രോ വേൾഡിൽ കടന്നു ചെന്നാൽ കുടിക്കാലത്ത് വയൽവരമ്പുകളിലും പാടത്തും പറമ്പിലുമൊക്കെ കണ്ടു മറന്ന പല ജീവികളെയും കാണാനാകും. പൂമ്പാറ്റ, പച്ചത്തുള്ളൻ, തവള, തേനീച്ച, ചീവീട്, ഏട്ടുകാലി, ഉറുമ്പ്, വണ്ട്, കൊതുക്, പല്ലി, പാമ്പ് തുടങ്ങിയ ഇനങ്ങളിൽ ഉൾപ്പെട്ട നൂറുക്കണക്കിന് ജീവികളുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൃത്രിമത്വം തീരയില്ലാതെ എല്ലാം പ്രകൃതിയിൽ നിന്ന് പകർത്തിയതാണെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. സൂക്ഷമമായ ചിത്രങ്ങളിൽ ചെറു ജീവികളുടെ സൗന്ദര്യം പൂർണമായും പകർത്താൻ അനീഷിന്റെ കാമറക്ക് സാധിച്ചതായി ആരും സമ്മതിക്കും.
ഫോട്ടോഗ്രഫയിൽ ലോകോത്തരമായ അംഗീകാരങ്ങളും നേടാൻ ഇക്കാലത്തിനിടയിൽ അനീഷിന് സാധിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി സൊസൈറ്റി ഓഫ് അമേരിക്ക, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫോട്ടോഗ്രാഫിക് ആർട്, അസോസിയേറ്റ് ഇമേജ് കോളേജ് സൊസൈറ്റി യു.എസ്.എ എന്നിവയുടെ അംഗീകാരങ്ങൾ നേടിയെടുത്തു. മാക്രോ ഫോട്ടോഗ്രഫിയിൽ കൂടുതൽ ആളുകളില്ലാത്തതും ഈ മേഖലയിൽ നല്ല ചിത്രങ്ങൾ പകർത്താൻ കഴിയുന്നതുമാണ് സ്പെഷലൈസേഷന് ഈ സെഗ്മെന്റ് തെരഞ്ഞെടുക്കാൻ കാരണമെന്ന് അനീഷ് പറയുന്നു. വരുംകാലത്തും ഈ മേഖലയിൽ തന്നെ നല്ല ചിത്രങ്ങൾ പകർത്തി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. കുടുംബത്തോടൊപ്പമാണ് ദുബൈയിൽ ഇപ്പോൾ കഴിയുന്നത്. ഭാര്യ ലോഷ്യാ അനീഷ് ദുബൈയിൽ തന്നെ അക്കൗണ്ടൻറായി ജോലി ചെയ്യുന്നു. ഏകമകൾ ശങ്കരി അനീഷ് ഔവർ ഓൺ ഇംഗ്ലീഷ് സ്കൂൾ ഷാർജയിൽ ഗ്രേഡ് ഒന്നിൽ പഠിക്കുകയാണ്. അച്ഛനെപ്പോലെ ശങ്കരിയും ഫോട്ടോഗ്രഫിയിൽ തൽപരയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

