ഫലസ്തീൻ ഏറ്റുമുട്ടൽ നീതിയും അനീതിയും തമ്മിൽ -കെ.ആർ. മീര
text_fieldsസാഹിത്യോത്സവം കെ.ആർ. മീര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഫലസ്തീൻ എന്നത് രണ്ടു രാഷ്ട്രങ്ങളോ രണ്ടു മതങ്ങളോ രണ്ടു പ്രത്യയശാസ്ത്രങ്ങളോ തമ്മിലുള്ള പ്രശ്നമല്ലെന്നും നീതിയും അനീതിയും തമ്മിൽ, ധാർമികതയും അധാർമികതയും തമ്മിൽ, മനുഷ്യത്വവും മനുഷ്യത്വമില്ലായ്മയും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രമുഖ എഴുത്തുകാരി കെ.ആർ. മീര. വലതുപക്ഷ കൊള്ളരുതായ്മകളെ താലോലിക്കുന്ന മാധ്യമങ്ങൾ സമൂഹത്തേയും മനുഷ്യ നന്മയേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ മാധ്യമ രീതികൾ അപകടകരമാണെന്നും അവർ പറഞ്ഞു. ചിന്ത- മാസ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗാലറിക്ക് വേണ്ടി കളിക്കാൻ എഴുത്തുകാർ തയാറാവരുത്. ഗാലറിയുടെ കൈയടിക്കു വേണ്ടിയല്ല സമൂഹത്തിന്റെ ഭദ്രതക്ക് വേണ്ടിയാകണം എഴുത്തുകാർ വാദിക്കുകയും പൊരുതുകയും ചെയ്യേണ്ടത്. ചില സമയത്തെ ചിലരുടെ മൗനവും ചില സമയത്തെ ചിലരുടെ ആക്രോശവും ഒരുപോലെ സമൂഹത്തെ ഭീതിപ്പെടുത്തും. അതിനെ നേരിടാനാവശ്യമായ ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി നാം പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്.
തുല്യ സാഹചര്യത്തെക്കുറിച്ച്, തുല്യ നീതിയെക്കുറിച്ച്, തുല്യ അവകാശങ്ങളെക്കുറിച്ച് ആരാണോ ആവർത്തിച്ചുസംസാരിക്കുന്നത് അവരാണ് കൂടുതൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടുതൽ കൂടുതൽ ആക്രമിക്കപ്പെടുമ്പോൾ ശരിയായ ദിശയിലാണ് താനെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും ഈ ബോധ്യപ്പെടുത്തലാണ് മുന്നോട്ടു നയിക്കുന്ന കരുത്തെന്നും മീര പറഞ്ഞു. മൈഗ്രേഷൻ - വൈവിധ്യം, സാധ്യത വെല്ലുവിളികൾ, ദേശാന്തരങ്ങളില്ലാതെ മലയാളം സാഹിത്യം, ജെ.ബി ടോക്ക് ഷോ തുടങ്ങിയ മൂന്നു സെഷനുകളും വയലാർ കാവ്യാലാപന മത്സരവും ആദ്യ ദിവസം നടന്നു. ഉദ്ഘാടന സെഷനിൽ ഹാരിസ് അന്നാര അധ്യക്ഷത വഹിച്ചു.
മാസ് സ്ഥാപക നേതാവും, ലോക കേരള സഭ അംഗവുമായ കെ.ടി. ഹമീദ്, ചിന്ത പ്രതിനിധി കെ. എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ബിനു കോറോം സ്വാഗതവും, ബഷീർ കാലടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

