‘വൺ ബില്യൺ ഫോളോവേഴ്സ്’ ഉച്ചകോടിക്ക് തുടക്കം
text_fields‘വൺ ബില്യൺ ഫോളോവേഴ്സ്’ ഉച്ചകോടി വേദിയിലെത്തിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ആൽ മക്തൂം പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു
ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നവരുടെ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘വൺ ബില്യൺ ഫോളോവേഴ്സ്’ ഉച്ചകോടിക്ക് തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടിയിൽ ആദ്യദിനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30,000 ഇൻഫ്ലുവൻസർമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഉള്ളടക്ക നിർമാതാക്കളെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അവരുടെ പ്രവർത്തനം ഒരു സന്ദേശവും ഉത്തരവാദിത്തവുമാണെന്നും ശൈഖ് മുഹമ്മദ് സന്ദർശന ശേഷം എക്സ് അക്കൗണ്ടിൽ കുറിച്ചു. നമ്മുടെ സമൂഹത്തെ മികച്ചതിലേക്ക് നയിക്കുന്ന ഒരു വ്യവസായമാണത്. അതിലൂടെ നമ്മൾ തലമുറകളെ പ്രചോദിപ്പിക്കുന്നു. അതിലൂടെ നമ്മൾ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നു. അതിലൂടെ നമ്മൾ നമ്മുടെ ഭാവിയെ മികച്ചതാക്കി മാറ്റുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 11 വരെ നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഡിജിറ്റൽ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കുകയും ഡിജിറ്റൽ സ്വാധീനത്തിന്റെ ഭാവിയും സമൂഹത്തിൽ അതിന്റെ സ്വാധീനവും വിലയിരുത്തുകയും ചെയ്യും. മിസ്റ്റർ ബീസ്റ്റ്, സൈമൺ സ്ക്വിബ്, മാക്സ് അമിനി, വ്ലാഡ് ആൻഡ് നിക്കി, ഖാലിദ് അൽ അമീരി, മുഫ്തി മെൻക്, യാസ്മിൻ നാസിർ എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും പ്രമുഖർ പങ്കെടുക്കുന്ന സെഷനുകൾ ഉച്ചകോടിയിൽ ഉൾപ്പെടും.
നെറ്റ്‌വർക്കിങ്ങിനും നൈപുണ്യ വികസനത്തിനും അപ്പുറം, സാമൂഹിക നന്മക്കായി മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഉച്ചകോടിയുടെ ഊന്നൽ. ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്ടാക്കളെ ഒരു ശതകോടി കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനായി സജ്ജമാക്കുക എന്നതാണ് ഈ വർഷത്തെ പതിപ്പിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

