ഷാർജ ചേംബറിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടി; ആറുമാസത്തിനിടെ അംഗമായത് 37,000 സ്ഥാപനങ്ങൾ
text_fieldsഷാർജ: കഴിഞ്ഞ ആറു മാസത്തിനിടെ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ)യിൽ പുതുതായി 37,000 സ്ഥാപനങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അംഗത്വ രജിസ്ട്രേഷൻ 33,000 ആയിരുന്നു. 12 ശതമാനം വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ അംഗങ്ങളുടെ കയറ്റുമതി, പുനർകയറ്റുമതി മൂല്യം ഏതാണ്ട് 1,100 കോടി ദിർഹമിലെത്തി. ചൊവ്വാഴ്ച എസ്.സി.സി.ഐ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ. ജനുവരി മുതൽ ജൂൺ വരെ എസ്.സി.സി.ഐ പുറത്തിറക്കിയത് 41,292 സർട്ടിഫിക്കറ്റ് ഓഫ് ഒറിജിനാണ്. തൊട്ടു മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഈ രംഗത്ത് ആറു ശതമാനമാണ് വളർച്ച. എമിറേറ്റിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തെ പിന്തുണക്കുന്നതിൽ എസ്.സി.സി.ഐയുടെ പരിശ്രമങ്ങളെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ ഇറക്കിയ സർട്ടിഫിക്കറ്റ് ഒറിജിൻ പ്രകാരം ഷാർജയിൽ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവരുടെ പട്ടികയിൽ സൗദി അറേബ്യയാണ് മുന്നിൽ. ഒമാനാണ് പട്ടികയിൽ രണ്ടാമത്. 1.6 ശതകോടി ദിർഹമാണ് ഒമാന്റെ കയറ്റുമതി, പുനർകയറ്റുമതി മൂല്യം. 1.6 ശതകോടി ദിർഹം മൂല്യവുമായി ഇറാഖാണ് പട്ടികയിൽ മൂന്നാമത്. ഖത്തർ, യു.കെ, ഈജിപ്ത്, ഇത്യോപ്യ, കുവൈത്ത്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിറകിൽ. ഇത് ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ഗൾഫ് വിപണികളിലേക്കുള്ള ഒരു പ്രധാന വിതരണക്കാരൻ എന്ന നിലയിൽ ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തതായി എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താന അൽ ഉവൈസ് പറഞ്ഞു.
ഷാർജയുടെ ബിസിനസ് സാഹചര്യങ്ങളിൽ നിക്ഷേപകരുടെ വിശ്വാസം വർധിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

