രാജ്യത്ത് വിദേശ തൊഴിലാളികൾ കുറയുന്നു
text_fieldsമസ്കത്ത്: കോവിഡും മറ്റ് പ്രതിസന്ധികളും കാരണം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുന്നു. ചെറിയ ഇടവേളക്കുശേഷം തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായ വർധന കാണിക്കുന്നുണ്ടെങ്കിലും സ്വകാര്യ-സർക്കാർ മേഖലകളിൽ മൊത്തത്തിൽ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ മേഖലകളിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ ഇടിവാണ് 2021ൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ 37,996 വിദേശ തൊഴിലാളികളായിരുന്നു സർക്കാർ മേഖലയിലുണ്ടായിരുന്നത്. എന്നാൽ, 42,240 തൊഴിലാളികളായിരുന്നു 2020ൽ സർക്കാർ മേഖലയിൽ സേവനമനുഷ്ഠിച്ചിരുന്നത്. അതേസമയം, സ്വകാര്യ മേഖലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2020 ഡിസംബർ അവസാനം വരെ 11,48,207 ആളുകളായിരുന്നു സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 1.5 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം വന്നിട്ടുള്ളത്. 11,31,526 തൊഴിലാളികളാണ് 2021ൽ സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ശക്തിയായി തുടരുന്നത് ബംഗ്ലാദേശ് പൗരൻമാരാണ്. 5,31,053 ആളുകളാണ് വിവിധ തൊഴിലിടങ്ങളിലായി ജോലി ചെയ്യുന്നത്. 4,71,178 തൊഴിലാളികളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ടാൻസാനിയൻ രാജ്യത്തിൽനിന്നുള്ളവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞവർഷം നവംബറിൽ 12,407 തൊഴിലാളികളുണ്ടായിരുന്നുവെങ്കിൽ ഡിസംബറിൽ ഇത് 12,224 കുറഞ്ഞ് നേരിയ ഇടിവ് രേഖപ്പെടുത്തി. പാകിസ്താൻ 1,94,048, ഫിലിപ്പീൻസ് 45,388 ഈജിപ്ത് 30,998 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദേശ തൊഴിലാളികളുടെ കണക്ക്.
ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ജോലിചെയ്യുന്ന ഗവർണറേറ്റുകളിൽ മസ്കത്താണ് മുന്നിൽ. 5,90,053 ആളുകളാണ് ഇവിടെ വിവിധ മേഖലകളിലായി വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നത്. 1,98,197 ആളുകളുമായി വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കുറവ് മുസന്ദം ഗവർണറേറ്റിലാണ്. ആകെ 10,340 ആളുകൾ മാത്രമാണ് ഇവിടെ വിദേശ തൊഴിലാളികളായുള്ളത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബർ അവസാനം വരെ രാജ്യത്ത് ആകെ 14,09,473 വിദേശ തൊഴിലാളികളാണുണ്ടായിരുന്നത്. നവംബറിൽ ഇത് 13,82,150 ആയിരുന്നു. രാജ്യത്തെ ആകെ വിദേശികളുടെ എണ്ണം 17,61,534 ആണ്. ഇത് സുൽത്താനേറ്റിലെ ജനസംഖ്യയുടെ 38.5 ശതമാനം വരും. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണമാണ് വിദേശ തൊഴിലാളികളുടെ കുറവിന് കാരണമെന്ന് നിരീക്ഷിക്കുന്നു. വിവിധ മേഖലകളിൽ സർക്കാർ നടപ്പാക്കുന്ന സ്വകാര്യവത്കരണവും വിദേശ തൊഴിലാളികളുടെ കുറവിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

