പുതിയ വാണിജ്യ ചരക്കുഗതാഗത നയത്തിന് അന്തിമരൂപം നൽകി ആർ.ടി.എ
text_fieldsദുബൈ: ഏഴുവർഷത്തേക്കുള്ള വാണിജ്യ, ചരക്ക്, റോഡ് ഗതാഗത നയത്തിന് അന്തിമരൂപം നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 2030ഓടെ റോഡ് ഗതാഗതം വഴിയുള്ള ചരക്കു നീക്കത്തിലൂടെ ദുബൈയുടെ സാമ്പത്തിക വളർച്ചയിൽ 1680 കോടി ദിർഹം സംഭാവന നൽകാൻ കഴിയുന്ന പദ്ധതികൾക്കാണ് അന്തിമം നൽകിയിരിക്കുന്നത്.
ദുബൈ ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗം പുതിയ നയത്തിന് അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിൽ 75 ശതമാനം സാങ്കേതിക വളർച്ച ഉറപ്പാക്കുന്നതാണ് പുതിയ നയം. കാർബൺ ബഹിർഗമനത്തിൽ 30 ശതമാനം കുറവ് വരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. പ്രവർത്തന കാര്യക്ഷമതയിൽ പത്ത് ശതമാനം വർധന കണക്കാക്കുന്നുണ്ട്.
വാണിജ്യ ഗതാഗത രംഗത്ത് 3,51,000 വാഹനങ്ങളും 9,699 കമ്പനികളുമാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നിട്ട അഞ്ചുവർഷ കാലയളവിനുള്ളിൽ എല്ലാതലങ്ങളിലുമായി 34 ശതമാനം വളർച്ച കൈവരിക്കാൻ മേഖലക്ക് സാധിച്ചതായും അധികൃതർ വിലയിരുത്തി. 2022ൽ മാത്രം പുതുതായി ഈ രംഗത്ത് 2,42,000 തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞു. വാണിജ്യ ഗതാഗതരംഗത്തെ പുതിയ ഉണർവിന് ആക്കം കൂട്ടാൻ പുതിയ സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നതായി ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
17 പദ്ധതികളാണ് വാണിജ്യ ഗതാഗത മേഖലയുടെ വളർച്ചക്കായി ആർ.ടി.എ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. വിവിധ മേഖലയിൽനിന്നുള്ള പങ്കാളികൾ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ, വിതരണ ഏജൻസികൾ, വാണിജ്യ ചരക്കുഗതാഗത രംഗത്തെ ചെറുകിടക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് പുതിയ നയം വികസിപ്പിച്ചത്. ദുബൈ സാമ്പത്തിക അജണ്ടക്ക് (ഡി33) പിന്തുണ നൽകുന്നതാണ് പുതിയ നയമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

