Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതു നായകൻ ശൈഖ്​...

പുതു നായകൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ യു.എ.ഇ പ്രസിഡൻറ്

text_fields
bookmark_border
പുതു നായകൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​   യു.എ.ഇ പ്രസിഡൻറ്
cancel
camera_alt

പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിനായി അബൂദബി അൽ മുശ്​രിഫ്​ കൊട്ടാരത്തിൽ എത്തിയ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സുപ്രീംകൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖൈവൈൻ ഭരണാധികാരി ശൈഖ്​ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഊദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ

Listen to this Article

അബൂദബി: യു.എ.ഇയുടെ പുതിയ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ ഉന്നത സഭയായ ഫെഡറൽ സുപ്രീം കൗൺസിലാണ്​ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്​.​ ശൈഖ്​ ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ്​ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്​. ഒന്നരപ്പതിണ്ടിലേറെയായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ്​ മുഹമ്മദ്​.

സുപ്രീംകൗൺസിൽ ശനിയാഴ്ച അബൂദബിയിലെ അൽ മുശ്​രിഫ്​ കൊട്ടാരത്തിൽ പ്രത്യേക യോഗം ചേർന്നാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​. യോഗത്തിൽ ഐക്യകണ്ഡേനയാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​​​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികൾ പ​ങ്കെടുത്തു. സുപ്രീംകൗൺസിലിൽ നിന്നാണ്​ ഒരോതവണയും പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്​. ഏറ്റവും വലിയ എമിറേറ്റായ അബൂദബി ഭരണാധികാരി​ പ്രസിഡന്‍റ്​ പദവി വഹിക്കുന്നതാണ്​ രീതി​. അഞ്ചുവർഷമാണ്​ ഔദ്യോഗികമായ ഭരണകാലയളവ്​.

പിന്നീട്​ വീണ്ടും തെരഞ്ഞെടുക്കുകയാണ്​ ചെയ്യുക. സുപ്രീംകൗൺസിൽ അംഗങ്ങളും എമിറേറ്റുകളിലെ ഭരണാധികാരികളും തന്നിൽ അർപ്പിച്ച വിശ്വാസത്തിന്​ തെരഞ്ഞെടുപ്പിന്​ ശേഷം ശൈഖ്​ മുഹമ്മദ്​ നന്ദി പറഞ്ഞു. സുവർണജൂബിലി പിന്നിട്ട രാജ്യത്തിന്‍റെ മൂന്നാമത്തെ പ്രസിഡൻറും 17ാമത്​ അബൂദബി ഭരണാധികാരിയുമാണ്​ നിയമിതനായിരിക്കുന്നത്​. 61കാരനായ ഇദ്ദേഹം രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മൂന്നാമത്തെ പുത്രനാണ്​.

ശൈഖ്​ സായിദിന്‍റെയും ശൈഖ്​ ഖലീഫയുടെയും ഭരണകാലങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ പങ്കാളിത്തം വഹിക്കുകയും നിരവധി സുപ്രധാന ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുകയും ചെയ്ത ഭരണ പരിചയമുണ്ട്​​. ശൈഖ്​ ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ ഭരണകാര്യങ്ങളിൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്‍റെ ചുമതലകൾ നിർവഹിച്ചു​. രാജ്യത്തിന്‍റെ സൈനിക സന്നാഹങ്ങളെ ശക്​തിപ്പെടുത്തുകയും വിദേശ ബന്ധങ്ങളിൽ സുപ്രധാനമായ ചുവടുവെപ്പുകൾക്ക്​ നേതൃത്വം നൽകുകയും ചെയ്തയാളെന്ന നിലയിൽ അറബ്​ മേഖലയിലെ തന്നെ കരുത്തുറ്റ ഭരണാധികാരിയായാണ്​ ശൈഖ്​ മുഹമ്മദ്​ അറിയപ്പെടുന്നത്​. അബൂദബി കിരീടാവകാശിയെന്ന നിലയിൽ വിദ്യഭ്യാസ രംഗത്ത്​ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക്​ എമിറേറ്റിലെ വിദ്യാലയങ്ങളെ ഉയർത്തുകയും ചെയ്തു.

ഇന്ത്യ-യു.എ.ഇ ബന്ധത്തിന്​ എക്കാലവും പിന്തുണ നൽകുകയും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ഏറെ സഹായിക്കുകയും ചെയ്​തിട്ടുണ്ട്​. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചപ്പോൾ ശൈഖ്​ മുഹമ്മദാണ്​ അബൂദബിയിൽ സ്വീകരിച്ചത്​. ഈ വർഷം ഫെബ്രുവരിയിൽ യു.എഇയും ഇന്ത്യയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനും നേതൃത്വം നൽകിയത്​ അദ്ദേഹമാണ്​.

യു.എ.ഇ രാഷ്ട്രമാതാവ്​ ശൈഖ ഫാത്തിമ ബിൻത്​ മുബാറക്കാണ്​ മാതാവ്​. ശൈഖ സലാമ ബിൻത്​ ഹംദാൻ ആൽ നഹ്​യാൻ ഭാര്യ. നാല്​ ആൺമക്കളും അഞ്ച്​ പെൺമക്കളുമുണ്ട്​.

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ

1961 മാർച്ച് 11 ⊿ ജനനം

2003 ⊿ അബൂദബി ഡെപ്യൂട്ടി കിരീടാവകാശി

2004 ⊿ അബൂദബി കിരീടാവകാശി

2004 ⊿ അബൂദബി എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാൻ

2005 ⊿ യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡർ

2013 ⊿ എജുകേഷനൽ പേഴ്​സനാലിറ്റി ഓഫ്​ ദ ഇയർ

2019 ⊿ ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാൾ

2019 ⊿ ന്യൂയോർക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരി

2022 ⊿ യു.എ.ഇ പ്രസിഡന്‍റ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin Zayed Al Nahyansheikh khalifaUAE President
News Summary - The new captain is Sheikh Mohammed bin Zayed President of the UAE
Next Story