Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാത്തുവെക്കണം...

കാത്തുവെക്കണം സ്വാതന്ത്ര്യമെന്ന അമൃത്

text_fields
bookmark_border
കാത്തുവെക്കണം സ്വാതന്ത്ര്യമെന്ന അമൃത്
cancel

നമുക്കെല്ലാം കേട്ട് പരിചയമുള്ള ചങ്ങമ്പുഴക്കവിതയിലെ ഈ രണ്ട് വരികൾ സ്വാതന്ത്ര്യം നേടുന്ന കാലത്തെ ജനങ്ങളുടെ ആശയാഗ്രഹങ്ങളെ വരച്ചിടുന്നതാണ്. സമത്വത്തിനും മികവുറ്റ ജീവിത സാഹചര്യങ്ങൾക്കും ആത്മാഭിമാനത്തോടെ നിലനിൽക്കാനും വേണ്ടിയാണ് എല്ലായിടത്തുമെന്നപോലെ ഇന്ത്യയിലെയും സ്വാതന്ത്ര്യപ്പോരാട്ടം നടന്നത്. പട്ടിണിപ്പാവങ്ങളും കർഷകരും രാജ്യത്തെ അധഃസ്ഥിത ജനവിഭാഗങ്ങളുമെല്ലാം ദേശീയപ്രസ്ഥാനത്തിൽ അണിനിരന്നത് പാരതന്ത്ര്യത്തിന്‍റെ ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള അടങ്ങാത്ത അഭിലാഷത്തോടെയായിരുന്നു. അനേകായിരങ്ങളുടെ രക്തവും വിയർപ്പും ആ മാർഗത്തിൽ ഇറ്റിവീണു. വേദനക്കടൽ താണ്ടി തിരുമധുരമായി സ്വാതന്ത്ര്യം വന്നെത്തിയപ്പോൾ അവരിൽ പലരും അതാസ്വദിക്കാനുണ്ടായിരുന്നില്ല. ടിപ്പു സുൽത്താനും മംഗൾ പാണ്ഡേയും ബിർസ മുണ്ടയും വാരിയംകുന്നനും ബീഗം ഹസ്റത് മഹലും താന്തിയാ തോപ്പിയുമെല്ലാം അവസാന ശ്വാസംവരെ നിലകൊണ്ടത് അവർക്കുവേണ്ടിയല്ല, വരും തലമുറകൾക്കുകൂടി വേണ്ടി രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനായാണ്. വെള്ളപ്പട്ടാളത്തെ വിറപ്പിച്ച വയനാട്ടിലെ കുറിച്യ വീരന്മാരും മലബാറിലെ മാപ്പിള പോരാളികളും ഈ ഭൂമിഗോളം നിലനിൽക്കുവോളംകാലം സ്മരിക്കപ്പെടേണ്ടവരാണ്. ജാലിയൻ വാലാബാഗും വാഗൺ കൂട്ടക്കുരുതിയുമെല്ലാം നെഞ്ചിടിപ്പോടെ ഓർമിച്ചാൽ മാത്രം പോരാ, ജീവൻ നൽകി സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളോട് നീതി പുലർത്താനും നമുക്കാകണം. നമ്മുടെ പൂർവികരുടെ ഈ മഹാത്യാഗത്തെ നാം ആദരിക്കേണ്ടത് അവർ വാങ്ങിത്തന്ന സ്വാതന്ത്ര്യത്തെ പരിക്കേൽക്കാതെ സംരക്ഷിച്ചുകൊണ്ടാകണം.

ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ തീർച്ചയായും അനേകം മേഖലകളിൽ ലോകത്ത് തലയുയർത്തിനിൽക്കാൻ ഇന്ത്യക്ക് ഇന്ന് സാധിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തും വൈജ്ഞാനിക വ്യവസായിക മേഖലയിലും സാമൂഹിക പുരോഗതിയിലും മുമ്പത്തെ സാഹചര്യത്തിൽനിന്ന് നാമേറെ വളർന്നു. സാമൂഹിക സമത്വത്തിന്‍റെ മഹത്തായ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ സംരക്ഷണത്തിലാണ് ഇത്രയെങ്കിലും നേട്ടങ്ങൾ നമുക്ക് കരസ്ഥമാക്കാനായത്. എന്നാലിന്ന് അമൂല്യമായ സ്വാതന്ത്ര്യത്തെയും അതു നിമിത്തമായി രൂപപ്പെട്ട ഭരണഘടനയെയും ഇകഴ്ത്താനും അതിന്‍റെ താളുകൾ കീറിയെറിയാനും സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വാതന്ത്ര്യപ്പോരാട്ടത്തിന് പുതുജീവൻ പകർന്ന, ലോകത്തിനുതന്നെ വിസ്മയമായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇകഴ്ത്താനും ഘാതകനെ വാഴ്ത്താനും നീക്കങ്ങൾ നടക്കുന്നു. അതുപോലെ, ഭരണഘടനയുടെ അന്തസ്സത്തയും ആശയങ്ങളും കാറ്റിൽപറത്തി ഏകാധിപത്യത്തിന്‍റെ ദുസ്സൂചനകൾ വെളിപ്പെടുന്നു. വിയോജിക്കുന്ന വ്യക്തികളും മാധ്യമങ്ങളും സമൂഹങ്ങളും സമുദായങ്ങളും വേട്ടയാടപ്പെടുന്നു. ലോകത്തെ മർദക ഭരണകൂടങ്ങളെ മാതൃകയാക്കി 'ബുൾഡോസർ അടിച്ചമർത്തലു'കൾവരെ രാജ്യത്ത് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി നടമാടുന്നു. ഭരണാധികാരികളുടെ ജനവിരുദ്ധതയെയും ഉദ്യോഗസ്ഥ ലോബിയുടെ അഴിമതികളെയും ന്യായസിംഹാസനങ്ങളിലെ നെറികേടുകളെയും ചോദ്യംചെയ്യാനുള്ള സാധ്യതയും സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുന്നു. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ തച്ചുടച്ച് ഏകശിലാത്മകമായ വ്യവസ്ഥയിലേക്ക് ജനസമൂഹങ്ങളെ ആനയിക്കുന്നു. ഈയൊരു ചരിത്രസന്ദർഭത്തിൽ മഹത്തുക്കൾ ജീവനും ജീവിതവും കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ സൗഭാഗ്യങ്ങൾ കൈമോശംവരാതെ കാത്തുസംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഹിരോഷിമയും നാഗസാക്കിയും പോലുള്ള വലിയ അടിച്ചമർത്തലുകളെ അതിജീവിക്കാൻ മനുഷ്യന് സാധിച്ചെങ്കിൽ തെളിച്ചമില്ലാത്ത ഏത് കാലത്തിന് ശേഷവും ഒരു പുലരിയുണ്ടെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത്.

പ്രവാസിസമൂഹത്തിെൻറ കണ്ണും കണ്ണാടിയുമായി ഏഴു രാഷ്ട്രങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ പത്രമായ 'ഗൾഫ് മാധ്യമം' ഈ മഹത്തായ ദൗത്യത്തിന്‍റെ പാതയിൽ ചേർന്നുനിൽക്കുകയാണ്. ഇന്ത്യയിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലും ഒരുവർഷം നീളുന്ന സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും മൂല്യമറിയിച്ച് വരുംതലമുറയെ വളർത്തിയെടുക്കണം. കാലുഷ്യങ്ങളെ അതിജയിച്ച് സ്വാതന്ത്ര്യത്തിന്‍റെ തേൻമധുരം എല്ലാവർക്കും ആസ്വദിക്കാനാവുന്ന നാളെയിലേക്ക് ആത്മാഭിമാനത്തോടെ നമുക്ക് സഞ്ചരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayBest of Bharat
News Summary - The nectar of freedom must be preserved
Next Story