ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർധിക്കില്ല;ശൈഖ് ഹംദാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് നടപടി
text_fieldsദുബൈ: 2026-27 അധ്യയന വർഷത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ ഫീസിൽ വർധന ഉണ്ടാകില്ല. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് തീരുമാനം.
പാക്കേജിലെ നടപടികൾ പ്രകാരം, കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കൽ ഫീസുകൾ തവണകളായി അടയ്ക്കാനോ മാറ്റിവെക്കാനും സാധിക്കും. കൂടാതെ പിഴകൾ നീട്ടിവെക്കാനും ഇതിലൂടെ സാധിക്കും. കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള പ്രീ-സ്കൂളുകളെ ലൈസൻസ് പുതുക്കൽ ഫീസ്, പിഴകൾ, ദുബൈ മുനിസിപ്പാലിറ്റിയുടെ മാർക്കറ്റ് ഫീസ് എന്നിവയിൽ നിന്നും ഒഴിവാക്കും. അഫിലിയേറ്റ് സ്ഥാപനങ്ങൾക്ക് നിരവധി പിന്തുണ നടപടികളും അവതരിപ്പിച്ചിട്ടുണ്ട്. പ്രീ-സ്കൂളുകൾക്ക് ഭാഗികമായ വാടക ഇളവുകളും, നിലവിൽ നിർമാണത്തിലിരിക്കുന്ന സെന്‍ററുകൾക്ക് വാടകയില്ലാത്ത കാലാവധി നീട്ടിനൽകുന്നതുമായ ആനുകൂല്യങ്ങൾ ലഭിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിപുലമായ പിന്തുണ നടപടികളുണ്ടാവും. റദ്ദാക്കിയ കരാറുകളുടെ ഗാരന്‍റി ഇൻഷുറൻസ് ആവശ്യകതകളിൽനിന്ന് ഭാഗികമായോ പുർണമായോ ഉള്ള ഒഴിവാക്കൽ, കരാറിലെ ശിക്ഷാ വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവെക്കൽ, മുൻകൂട്ടി നിശ്ചയിച്ച വാടക വർധന മരവിപ്പിക്കൽ, വാടക പേയ്‌മെന്‍റുകൾ മാറ്റിവെക്കൽ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
150 കോടിയുടെ സാമ്പത്തിക പാക്കേജാണ് ശൈഖ് ഹംദാൻ പ്രഖാപിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ പ്രഖ്യാപിച്ച ആകെ സാമ്പത്തിക ആനുകൂല്യങ്ങളുടെ മൂല്യം 250 കോടി ദിർഹമായി ഉയർന്നു.
മൂന്നുമാസംമുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ നടപ്പിലാക്കേണ്ട 33 പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യ പ്രഖ്യാപനത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് ശൈഖ് ഹംദാൻ രണ്ടാമത്തെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് രണ്ടാമത്തെ പാക്കേജ് പ്രയോജനം ചെയ്യും.
ഈ പാക്കേജുകൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ മേഖലകളിലെ തൊഴിലുകൾ സംരക്ഷിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

