‘ദ മോഡല്‍ സ്കൂളി’ലെ കെ.ജി പ്രവേശനം: തീരുമാനം നീളുന്നു; പ്രവാസി രക്ഷിതാക്കൾ ആശങ്കയിൽ
text_fieldsഅബൂദബി: സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന, അബൂദബി മുസഫ ‘ദ മോഡല്‍ സ്കൂളി’ലെ കെ.ജി വിഭാഗം അഡ്മിഷന് വൈകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കേരള സിലബസ് പിന്തുടരുന്നതും എമിറേറ്റിലെ ഏറ്റവും ഫീസ് കുറവുള്ളതുമായ സ്കൂളാണിത്. അതിനാൽ കെ.ജിയിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം വരാന്‍ കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. മലയാളികളും ഇതര ഭാഷക്കാരും അടക്കം അയ്യായിരത്തിലധികം കുട്ടികളാണ് രാവിലെയും ഉച്ചക്കുമുള്ള രണ്ടു ഷിഫ്റ്റുകളിലായി ഇവിടെ പഠിക്കുന്നത്.
പല സ്കൂളുകളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തന്നെ അപേക്ഷ സ്വീകരിക്കുകയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മോഡല്‍ സ്കൂളിലും മുന്‍ വര്‍ഷങ്ങളില്‍ ഒക്ടോബറിലാണ് അഡ്മിഷന് നടപടികള്‍ ആരംഭിച്ചിരുന്നത്. വെബ്സൈറ്റിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖം നടത്തി രേഖകള്‍ സമര്‍പ്പിച്ച് ഫീസ് അടച്ച് അഡ്മിഷന് ഉറപ്പാക്കുന്നതാണ് രീതി. ഈ നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുകയും ചെയ്യും. അപേക്ഷിക്കുന്നവരുടെ സഹോദരങ്ങള്‍ ഇതേ സ്കൂളിലാണ് പഠിക്കുന്നതെങ്കില്‍ (സിബ്ലിങ്സ്), അത്തരക്കാര്‍ക്ക് മുന്‍ഗണനയും ലഭിക്കും.
ഇവര്‍ക്ക് അഡ്മിഷന് നല്‍കിയശേഷമുള്ള സീറ്റുകളില്‍നിന്ന് നറുക്കെടുത്താണ് അപേക്ഷ നല്‍കിയവരെ പ്രവേശിപ്പിക്കുക. പിന്നീടാണ് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്ക്) നിര്‍ദേശം പാലിച്ചുകൊണ്ട് ഇസിസ് സിസ്റ്റത്തിലെ രജിസ്ട്രേഷനോടെ പ്രവേശനം പൂര്‍ത്തിയാക്കുന്നത്. ഒക്ടോബര്‍ കഴിഞ്ഞ് മൂന്നു മാസമായിട്ടും പ്രവേശനക്കാര്യത്തില്‍ ഒരു തീരുമാനവുമാവാത്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. ബ്രിട്ടീഷ്, അമേരിക്കല്‍ സിലബസുകളിലെ സ്കൂളുകള്‍ സെപ്റ്റംബറിലാണ് ആരംഭിക്കുന്നതെന്നിരിക്കെ, അവരും പ്രവേശന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
മോഡല്‍ സ്കൂളിനെ ആശ്രയിച്ച് പ്രവേശനത്തിനായി കാത്തിരിക്കുന്നവര്‍ വന്‍ തുക ഫീസ് അടച്ച് ഇത്തരം സ്കൂളുകളിലേക്ക് മാറേണ്ടിവരുന്നത് പ്രയാസകരമാകും. ഏപ്രില്‍ മാസത്തിലാണ് സി.ബി.എസ്.ഇ, കേരള സിലബസ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മാര്‍ച്ചിലും അഡ്മിഷന് കിട്ടിയില്ലെങ്കില്‍ കുട്ടികളെയും കുടുംബത്തെയും നാട്ടിലേക്കു അയക്കേണ്ടി വരുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു.
‘അഡെക്കി’ന്റെ അനുമതിക്കായി കാത്തിരിക്കുന്നു -അധികൃതർ
അബൂദബി: ഓണ്‍ലൈന്‍ മുഖേനയും നേരിട്ടും അപേക്ഷിച്ചവര്‍ക്ക്, അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്ക്) അനുമതിക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷമേ അഡ്മിഷന് തുടങ്ങാന്‍ കഴിയൂവെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു. അനുമതി ലഭിക്കുന്നതും തുടര്‍നടപടികളും എന്നുണ്ടാവുമെന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ മാസമാണ് ക്ലാസ് ആരംഭിക്കുന്നത് എന്നതിനാല്‍ ഇനിയും സമയുണ്ടെന്നാണ് ‘അഡെക്കി’ല്‍നിന്നുള്ള വിവരമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഡിസംബറിനു മുന്നേ അപേക്ഷ സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ഇതര സ്കൂളുകള്‍ക്ക് ‘അഡെക്കി’ന്റെ രജിസ്ട്രേഷന്കൂടിയേ പൂര്‍ത്തിയാക്കാനുള്ളൂ. പല സ്കൂളുകളിലും പുതിയ അഡ്മിഷന് നല്കാന് സീറ്റില്ലെന്ന സ്ഥിതിയുമുണ്ട്. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കാനുള്ള പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസമാണ്. വിദൂരത്താണെങ്കില്‍ കുട്ടികള്‍ ഏറെ നേരം ബസുകളില്‍ യാത്ര ചെയ്യണം. അല്ലെങ്കില്‍ മറ്റ് യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

