നടപടികൾ വിജയം; ഷാർജയിൽ റോഡപകടങ്ങൾ കുറഞ്ഞു
text_fieldsഷാർജ: അധികൃതർ സ്വീകരിച്ച വിവിധ നടപടികൾ വിജയം കണ്ടതോടെ എമിറേറ്റിൽ റോഡപകട മരണങ്ങൾ കുറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ൽ വാഹനാപകട മരണങ്ങൾ 24 ശതമാനം കുറഞ്ഞതായി ഷാർജ പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും അപകടങ്ങൾ തടയുന്നതിനും നടപ്പിലാക്കിയ പദ്ധതികളുടെ ഫലപ്രാപ്തിയെയാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.
അശ്രദ്ധമായ ഡ്രൈവിങ്, അനുചിതമായ പാർക്കിങ്, തെറ്റായ റോഡ് മുറിച്ചുകടക്കൽ, അമിത വേഗത, സുരക്ഷിതമല്ലാത്ത മോട്ടോർ സൈക്കിൾ ഉപയോഗം തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങൾക്കെതിരെ സെക്യൂരിറ്റി മീഡിയ വകുപ്പുമായി സഹകരിച്ച് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് 12 പ്രത്യേക കാമ്പയ്നുകൾ നടത്തിയിരുന്നു. ഇതുവഴി എമിറേറ്റിലുടനീളം ഏകദേശം 9,05,895 വ്യക്തികളിൽ സന്ദേശം എത്തിയിട്ടുണ്ട്.
കൂടാതെ, ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് 272 പരിപാടികളും പ്രവർത്തനങ്ങളും നടപ്പിലാക്കി. റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളിലും 1,976 അറ്റകുറ്റപ്പണികൾക്കും വികസന പദ്ധതികൾക്കും സഹായം നൽകുകയും ചെയ്തത് ഗതാഗതം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
സാമൂഹിക ഇടപെടലും വർധിച്ച പൊതുജന അവബോധവും നിയമപാലനവും നേട്ടത്തിന് കാരണമായതായി ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ ബ്രി. ജനറൽ മുഹമ്മദ് അലായ് അൽ നഖ്ബി പറഞ്ഞു.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ഷാർജ പോലീസിന്റെ കാഴ്ചപ്പാടിനെ ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറയുകയും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

