‘ദ മാൻ ഹു ഡിഫൈൻഡ് ഹ്യൂമാനിറ്റി’ പ്രകാശനം ചെയ്തു
text_fieldsഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച ‘ദ മാൻ ഹൂ ഡിഫൈൻഡ് ഹ്യൂമാനിറ്റി’ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പ്രകാശനം ചെയ്യുന്നു
ദുബൈ: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച ‘ദ മാൻ ഹൂ ഡിഫൈൻഡ് ഹ്യൂമാനിറ്റി’ എന്ന പുസ്തകം യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും ചേർന്ന് പ്രകാശനം ചെയ്തു. ഫുജൈറ പാലസിൽ നടന്ന പ്രകാശ ചടങ്ങിൽ ലോക കേരളസഭ അംഗം ഫായിസ് ബിൻ ബുഹാരി സംബന്ധിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വ വിശേഷങ്ങളും മാനവിക സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. കൊല്ലം ത്വയ്ബ സെന്ററാണ് പ്രസാധകർ. പ്രവാചകനെ കുറിച്ചുള്ള സെക്കുലർ വായനകൾക്ക് ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനമാണ് നടന്നത്.
പ്രവാചക ജീവിതത്തെക്കുറിച്ച് ഏഴു ഭാഷകളിലായി 1400ൽ പരം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഗ്രന്ഥകർത്താവ് എഴുതിക്കൊണ്ടിരിക്കുന്ന പരമ്പര ഇതിനകം ആയിരക്കണക്കിന് വായനക്കാരെ നേടിയിട്ടുണ്ട്. ഇതിന്റെ വിവിധ ഭാഷകളിലുള്ള രചനാ രൂപങ്ങൾ ഏഴുവാല്യങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.
അറബി, ഇംഗ്ലീഷ്, മലയാളം, കന്നട, തമിഴ് ഭാഷകളിൽ രണ്ടു ഡസനോളം പുസ്തകങ്ങൾ ഗ്രന്ഥകാരന്റേതായി പ്രവാചകൻ സംബന്ധിയായി വിപണിയിൽ ലഭ്യമാണ്. അദ്ദേഹത്തിന്റെ ‘അൽ ബിഷാറത്തുൽ കുബ്റാ ബിഷഫാഅതിൽ ഉലമാ’ എന്ന അറബി രചന കഴിഞ്ഞ കൈറോ അന്താരാഷ്ട്ര പുസ്തകമേളയിൽ കൈറോയിലെ ദാറുൽ സ്വാലിഹ് പ്രസാധകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

