യു.എ.ഇയിൽ 20 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്ക്
text_fieldsദുബൈ: യു.എ.ഇയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 20 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്ക്. 51 കേസുകളാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്. 69 പേർ രോഗമുക്തരാവുകയും ചെയ്തു. രണ്ടു ലക്ഷത്തോളം പരിശോധനകളിൽ നിന്നാണ് 51 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് യു.എ.ഇയിൽ നിലവിൽ ഒരാൾക്ക് മാത്രമാണ് സ്ഥിരീകരിച്ചത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
അതിനിടെ വാക്സിനേഷൻ പൂർത്തീകരിച്ച് ആറുമാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിന് നടപടി സജീവമായിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ എടുക്കാം.
നിലവിൽ ബൂസ്റ്റർ ഡോസ് നിബന്ധന വിദേശയാത്രക്ക് എവിടെയും മാനദണ്ഡമായിട്ടില്ല. എന്നാൽ, ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ ബൂസ്റ്റർ യാത്രക്ക് നിബന്ധനയായേക്കാം. നിലവിൽ യു.എ.ഇയിൽ വാക്സിനെടുക്കാൻ യോഗ്യരായവരിൽ 100 ശതമാനം ആളുകളും ഒരു ഡോസെങ്കിലും എടുത്തുകഴിഞ്ഞു. 90 ശതമാനത്തിലേറെ രണ്ട് ഡോസും പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

