അവധിക്കാല വേതനമായി 4.3 ലക്ഷം ദിർഹം ജീവനക്കാരന് നൽകാൻ വിധി
text_fieldsദുബൈ: മുൻ ജീവനക്കാരന് അവധിക്കാല വേതനമായി ലഭിക്കേണ്ട 4,34,884 ദിർഹം നൽകാൻ സ്വകാര്യ കമ്പനിയോട് ഉത്തരവിട്ട് അബൂദബി സുപ്രീംകോടതി.
ജോലിചെയ്ത വേളയിൽ ലഭിക്കേണ്ട അവധിക്കാല വേതനത്തിന് ജീവനക്കാരന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് തൊഴിൽ ഉടമക്കെതിരെ പരമോന്നത കോടതി വിധി പ്രസ്താവിച്ചത്. 2018 മുതൽ 2024 വരെയുള്ള കാലയളവിലാണ് ജീവനക്കാരൻ സ്ഥാപനത്തിൽ ജോലിചെയ്തത്.
36,000 ദിർഹം അടിസ്ഥാന ശമ്പളവും ലാഭവിഹിതവും അടക്കം ആകെ 60,000 ദിർഹമാണ് ഇയാൾക്ക് പ്രതിമാസം ലഭിച്ചിരുന്നത്. കഴിഞ്ഞവർഷം ജോലി നഷ്ടപ്പെട്ടതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ശമ്പള കുടിശ്ശിക ഇനത്തിൽ 72,000 ദിർഹവും അവധിക്കാല ശമ്പളയിനത്തിൽ 2,47,464 ദിർഹവും നോട്ടീസ് പേ ആയി 60,000 ദിർഹവും ഗ്രാറ്റിവിറ്റിയിനത്തിൽ 180,000 ദിർഹവും കമ്പനി നൽകണമെന്നായിരുന്നു ആവശ്യം. ഇതുകൂടാതെ അഞ്ച് ശതമാനം പലിശയും ആവശ്യപ്പെട്ടിരുന്നു. കേസിൽ അബൂദബി ഫസ്റ്റ് ഇൻസ്റ്റൻറ് കോടതി സ്ഥാപനത്തോട് 3,23,400 ദിർഹം നൽകാൻ വിധി പുറപ്പെടുവിച്ചു.
ഇത് അപര്യാപ്തമാണെന്ന് കാണിച്ച് ജീവനക്കാരൻ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി അനുകൂലമായി വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

