മുൻജീവനക്കാരിക്ക് ശമ്പളയിനത്തിൽ 63000 ദിര്‍ഹം നല്കാന് വിധി
text_fieldsഅബൂദബി: മുന്‍ ജീവനക്കാരിക്ക് ശമ്പളകുടിശ്ശികയിനത്തിലും നഷ്ടപരിഹാരമായും 63,000 ദിര്‍ഹം നല്കാന് കമ്പനിക്ക് നിര്‍ദേശം നല്കി അല്‍ഐന്‍ കൊമേഴ്സ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കേസസ് കോടതി. ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടും ജീവനക്കാരിക്ക് മാസങ്ങളോളം ശമ്പളം നല്കുന്നതില് കമ്പനി വീഴ്ച വരുത്തുകയായിരുന്നു.
ശമ്പളകുടിശ്ശിക ലഭിക്കുന്നതിന് മധ്യസ്ഥ നീക്കങ്ങളും അനുരഞ്ജന ചര്‍ച്ചകളും ഫലംകാണാതെ വന്നതോടെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. 9000 ദിര്‍ഹം മാസശമ്പളത്തിലായിരുന്നു യുവതിയെ കമ്പനിയില്‍ വകുപ്പ് മേധാവിയായി നിയമിച്ചത്. എന്നാല്‍ യുവതിക്ക് കമ്പനി ഔദ്യോഗികമായി തൊഴില്‍ കരാര്‍ നല്‍കിയിരുന്നില്ല. ജോലി കൃത്യമായി ചെയ്തെങ്കിലും ശമ്പളവും കമ്പനി നല്‍കിയില്ല.
ശമ്പളം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി ജോലി രാജിവെച്ചത്. ദീര്‍ഘനാളായി ശമ്പളം നല്കാത്തതിനാല് ജോലിയില്‍ തുടരാനാവില്ലെന്ന് കാട്ടി യുവതി കമ്പനിക്ക് അയച്ച വാട്സ്ആപ് സന്ദേശവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി വിദഗ്ധനെ നിയോഗിച്ച് യുവതിക്ക് കമ്പനിയില്‍ വാഗ്ദാനം ചെയ്ത ശമ്പളവും മറ്റും പരിശോധിച്ചു. തുടര്‍ന്നാണ് 58000 ദിര്‍ഹം ശമ്പളകുടിശ്ശികയായി ഉണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം കോടതി നോട്ടീസ് നല്‍കിയിട്ടും ഉടമ കോടതിയില്‍ ഹാജരാവുകയോ യുവതിയുടെ ശമ്പളം നല്‍കിയെന്ന് തെളിയിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് കോടതി തൊഴിലുടമ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ശമ്പളകുടിശ്ശികയിനത്തില് 58000 ദിര്‍ഹവും നഷ്ടപരിഹാരമായി 5000 ദിര്‍ഹവും നല്കാന് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

