ഏറ്റവും വലിയ ‘മനുഷ്യ ഭൂഗോളം’; ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഗിന്നസ് റെക്കോഡ്
text_fieldsഇന്ത്യ ഇൻറർനാഷണൽ സ്കൂളിലെ 6097 വിദ്യാർഥികൾ ഭൂമിയുടെ ആകൃതിയിൽ അണിനിരന്നപ്പോൾ. ഡ്രോൺ കാമറ ഉപയോഗിച്ച് പകർത്തിയ ചിത്രം
ഷാർജ: ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം’ ആശയത്തിൽ ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ ‘മനുഷ്യ ഭൂഗോള’ത്തിന് ഗിന്നസ് റെക്കോഡ്.
15 രാജ്യക്കാരായ 6097 വിദ്യാർഥികൾ ചൊവ്വാഴ്ച സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ രൂപത്തിൽ അണിനിരന്നാണ് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്. ഏഴാം തവണയാണ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നത്. യു.എ.ഇയുടെ സുസ്ഥിരതാ വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ സുസ്ഥിരവികസനത്തിന്റെ ആവശ്യകത വിദ്യാർഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ജീവനക്കാരും ഒത്തുചേർന്നു. സ്കൂളിന്റെ ഉദ്യമം അക്ഷരാർഥത്തിൽ അതിശയിപ്പിക്കുന്നതാണെന്നും നേരത്തേ ജപ്പാനിൽ രേഖപ്പെടുത്തിയ റെക്കോഡാണ് സ്കൂൾ മറികടന്നതെന്നും പ്രകടനം വിലയിരുത്താനെത്തിയ ഗിന്നസ് റെക്കോഡ് പ്രതിനിധി പ്രവീൺ പട്ടേൽ പറഞ്ഞു.
സുസ്ഥിരതയുടെയും സമാധാനത്തിന്റെയും സന്ദേശം കുട്ടികൾക്ക് പകരാനും യു.എ.ഇയുടെ പരിശ്രമങ്ങൾക്ക് പിന്തുണയർപ്പിക്കാനുംവേണ്ടി ഇത്തരം പരിപാടി ഒരുക്കാനായതിൽ സംതൃപ്തിയുണ്ടെന്ന് പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം പറഞ്ഞു.
സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആദിൽ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, അമീൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫ ആസാദ്, വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുവൈസ്, സുനാജ് അബ്ദുൽ മജീദ് എന്നിവരും മറ്റ് അധ്യാപകരും ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

