ഈദ് ആഘോഷത്തിനൊരുങ്ങി രാജ്യം
text_fieldsപെരുന്നാൾ സന്ദർശകരെ സ്വീകരിക്കാനൊരുങ്ങിയ ദുബൈ ബീച്ച്
ദുബൈ: സുരക്ഷയും സൗകര്യങ്ങളുമൊരുക്കി ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി രാജ്യം. സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും ഒരുമയോടെ ആഘോഷിക്കുന്ന പെരുന്നാളിന്റെ ഭാഗമായ പൊതു അവധിദിനങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. കനത്ത ചൂടാണെങ്കിലും ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയാത്ത ഒരുക്കങ്ങളാണ് എല്ലാ എമിറേറ്റുകളും നടക്കുന്നത്. അതിരാവിലെ നടക്കുന്ന ഈദ് നമസ്കാരത്തോടെയാണ് പെരുന്നാൾ ദിനം ആരംഭിക്കുന്നത്. ഇതിനായി ഈദ് ഗാഹുകളിലും പള്ളികളിലും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ദുബൈയിൽ ഈദ് നമസ്കാരങ്ങൾ നടക്കുന്ന ആറ് പ്രധാന സ്ഥലങ്ങളിൽ പീരങ്കി മുഴക്കവുമുണ്ടാകും. അൽ ബറാഹ ഈദ് ഗാഹ്, നാദൽ ഹമർ ഈദ് ഗാഹ്, സഅബീൽ ഗ്രാൻഡ് മോസ്ക്, ഹത്ത ഈദ് ഗാഹ്, ഉമ്മുസുഖൈം ഈദ്ഗാഹ്, അൽ ബർഷ ഈദ് ഗാഹ് എന്നിവിടങ്ങളിലാണ് പീരങ്കി മുഴങ്ങുക. ദിവസങ്ങൾക്ക് മുമ്പ് തന്നെ തെരുവുകളിൽ ഈദ് ആശംസ നേർന്നുകൊണ്ടുള്ള അലങ്കാരങ്ങൾ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ വെടിക്കെട്ട് അടക്കമുള്ള ആഘോഷ പരിപാടികൾ വരുംദിവസങ്ങളിൽ അരങ്ങേറും. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ ആസ്വദിക്കാനാകും.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര പ്രദേശങ്ങളെല്ലാം സഞ്ചാരികളെ സ്വീകരിക്കാനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.ദുബൈയിൽ നാല് ബീച്ചുകൾ ഈദ് അവധി ദിനങ്ങളിൽ കുടുംബങ്ങൾക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കാലമായതിനാൽ ഏറെപേർ വൈകുന്നേരങ്ങളിൽ ബീച്ച് ആസ്വദിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖൈം 1, ഉമ്മുസുഖൈം 2 എന്നീ ബീച്ചുകളാണ് കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. ഇതുവഴി കുടുംബങ്ങൾക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ ബീച്ച് സന്ദർശനം സാധ്യമാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ബലി പെരുന്നാൾ അവധി ദിനങ്ങൾക്ക് മുന്നോടിയായി പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി പരിശോധനകൾ സജീവമാക്കിയിട്ടുണ്ട്. പരിശോധനകൾക്കായി എമിറേറ്റിൽ ഏകദേശം 150 പ്രത്യേക ഇൻസ്പെക്ടർമാരെയും ഫീൽഡ് മോണിറ്റർമാരെയും വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ആഘോഷങ്ങളുടെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫീൽഡ് ടീമംഗങ്ങൾ മാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലറ്റുകൾ, ഇറച്ചിക്കടകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്തിവരുകയാണ്.
ഈദ് ആഘോഷ വേളയിൽ ഭക്ഷണ കൈകാര്യം ചെയ്യുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് പരിശോധനകൾ ലക്ഷ്യമിടുന്നത്. അറവുശാലകൾ ഉയർന്ന പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു.
സുരക്ഷിതവും സന്തോഷകരവുമായ ബലിപെരുന്നാൾ ആഘോഷം ഉറപ്പാക്കാനുള്ള തയാറെടുപ്പ് പൂർത്തിയായതായി ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്ടറുകൾ, 139 ആംബുലൻസ് പോയന്റുകൾ, അഞ്ച് റെസ്ക്യൂ ബോട്ടുകൾ, 52 സൈക്കിൾ പട്രോളിങ്, 515 സെക്യൂരിറ്റി പട്രോളിങ്, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ, 21 ലാൻഡ് റെസ്ക്യൂ പട്രോളിങ്, അഞ്ച് സി.ബി.ആർ.എൻ റെസ്പോണ്ടറുകൾ, നാല് ഓപറേഷൻ റൂമുകൾ, രണ്ട് ആംബുലേറ്ററി ബോട്ടുകൾ എന്നിവ ദുബെയിൽ വിന്യസിക്കുമെന്നുംഅധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

