ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsഅൽഐൻ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങ്
അൽഐൻ: യു.എ.ഇ യുടെ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് അൽഐൻ ബ്ലൂ സ്റ്റാർ സംഘടിപ്പിച്ച 26ാമത് ഇന്റർ യു.എ.ഇ സ്പോർട്സ് ഫെസ്റ്റിവൽ അൽഐനിലെ ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബ് സ്റ്റേഡിയത്തിൽ സമാപിച്ചു. നവംബർ 26ന് അൽഐൻ ജൂനിയർസ് സ്കൂളിൽ നടന്ന മത്സരങ്ങളോടെ ഈ വർഷത്തെ ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരുന്നു. ബ്ലൂ സ്റ്റാർ കഴിഞ്ഞ 25 വർഷമായി യു.എ.ഇ യുടെ ദേശീയ ദിനത്തിൽ മെഗാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തവണത്തെ കായിക മേളയിൽ ശൈഖ് മുഹമ്മദ് ബിൻ മുസല്ലം ബിൻഹാം മുഖ്യാതിഥിയായി പങ്കെടുത്തു. ഏഴു എമിറേറ്റുകളെ പ്രതിനിധാനം ചെയ്ത് ഏഴ് വെള്ള പ്രാവുകളെയും 52 ാമത് ദേശീയ ദിനത്തെ പ്രതിനിധാനം ചെയ്ത് 52 ബലൂണുകളും വാനിൽ പറത്തി.
ബ്ലൂ സ്റ്റാർ സ്ഥാപകൻ ഉണ്ണീൻ പോന്നേത്ത് ദീപ ഷിഖ തെളിയിച്ചു. ബ്ലൂസ്റ്റാർ വളണ്ടിയർമാരും വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും പങ്കെടുത്ത മാർച്ച് പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ബ്ലൂ സ്റ്റാറിന്റെ ഭാരവാഹികളും, മെംബർമാരും മത്സരങ്ങൾ നിയന്ത്രിച്ചു. വിവിധ പ്രായത്തിലുള്ള രണ്ടായിരത്തോളം കായിക പ്രതിഭകളും, നാലായിരത്തോളം കായിക പ്രേമികളും ഈ മേളയുടെ ഭാഗമായി. ഫുട്ബാൾ മത്സരത്തിൽ നിഹ്മ എഫ്.സിയും മിറാകിൾ എഫ്.സിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വടംവലിയിൽ വിക്ടറി മുസ്തഫ ഒന്നാം സ്ഥാനവും വിന്നേഴ്സ് ദുബൈ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ബാളിൽ ഇന്ത്യൻ സ്കൂൾ അൽ ഐൻ, ദാറുൽ ഹുദ സ്കൂൾ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ വോളിബാളിൽ അൽ സാദ് ഇന്ത്യൻ സ്കൂളും, അൽഐൻ ജൂനിയേഴ്സ് സ്കൂളും ഒന്നും രണ്ടും സ്ഥാനത്ത് എത്തി. ത്രോബാളിൽ ജന്റ്സ് വിഭാഗത്തിൽ ആക്മേയും കോസ്റ്റൽ ഫ്രൻഡ്സും ഒന്നും രണ്ടും സ്ഥാനക്കാരായി.
ലേഡീസ് വിഭാഗത്തിൽ കൊങ്കൺസ് ദുബൈയും കെ.സി.ഒ ദുബൈയും ആൺകുട്ടികളുടെ വോളിബാളിലും ബാസ്കറ്റ് ബാളിലും അൽഐൻ ജൂനിയർ സ്കൂളും ജേതാക്കളായി. ഗേൾസ് വിഭാഗത്തിൽ അൽ ഐൻ ജൂനിയേഴ്സ് സ്കൂളും ഇന്ത്യൻ സ്കൂളും ഒന്നും രണ്ടും സ്ഥാനം പങ്കിട്ടു. ജൂനിയർ ഫുട്ബാൾ, സീനിയർ ഫുട്ബാൾ സൂപ്പർ സീനിയർ ഫുട്ബാൾ, 400 മീറ്റർ റിലേ തുടങ്ങി ഒട്ടനവധി ഗ്രൂപ്പ് മത്സരങ്ങളും, മറ്റിതര മത്സരങ്ങളും അരങ്ങേറി. രാവിലെ 10 മണിക്ക് തുടങ്ങിയ മത്സരങ്ങൾ രാത്രി 8 മണിവരെ നീണ്ടു. മേളക്ക് സാക്ഷികളാകാൻ ബ്ലൂസ്റ്റാറിന്റെ ആദ്യകാല പ്രവർത്തകരും നാട്ടിൽനിന്ന് എത്തിയിരുന്നു. മേളയുമായി സഹകരിച്ച ബിസിനസ് പ്രമുഖരെ ഉദ്ഘാടന പരിപാടിയിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

