അവധി അവസാനിക്കുന്നു; വിമാനത്താവളങ്ങളിൽ തിരക്കേറി
text_fieldsദുബൈ: ശൈത്യകാല അവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ, രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരക്കേറി.വെള്ളിയാഴ്ച മുതൽ തിങ്കാളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയവരും സ്കൂൾ അവധിയിൽ മറ്റു രാജ്യങ്ങളിലേക്ക് പോയവരും തിരിച്ചെത്തുന്നതിനാലാണ് ഈ ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, റാസൽഖൈമ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം തിരക്ക് വർധിക്കും.തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് എമിറേറ്റ്സ് വിമാനക്കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എമിഗ്രേഷൻ, സുരക്ഷ പരിശോധന എന്നിവിടങ്ങളിൽ നീണ്ട ക്യൂവിന് സാധ്യതയുണ്ട്. യാത്രക്കാർ എമിഗ്രേഷനിലും ബാഗേജ് ക്ലെയിം സ്ഥലത്തും കൂടുതൽ സമയം കാത്തിരിക്കേണ്ടതായും വന്നേക്കാം. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ യു.എ.ഇ നിവാസികൾക്കും ജി.സി.സി പൗരന്മാർക്കും പ്രത്യേക കൗണ്ടറുകൾ തയാറാക്കിയിട്ടുണ്ട്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് ഇമിഗ്രേഷൻ ക്ലിയറൻസ് ഉപയോഗിച്ച് വേഗത്തിലുള്ള പ്രവേശനത്തിന് സാധിക്കും.
യാത്രക്കാർ പാസ്പോർട്ടുകൾ, വിസകൾ, എമിറേറ്റ്സ് ഐ.ഡി വിശദാംശങ്ങൾ എന്നിവ സാധുതയുള്ളതാണെന്നും എമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കാൻ എളുപ്പത്തിൽ ലഭ്യമാകുന്നതാണെന്നും ഉറപ്പാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുടുംബങ്ങളുമായോ വലിയ ഗ്രൂപ്പുകളുമായോ യാത്ര ചെയ്യുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള റോഡുകളിൽ പതിവിലും കൂടുതൽ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങാൻ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യുകയോ സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

