Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമണ്ണും മനസ്സും...

മണ്ണും മനസ്സും തണുപ്പിച്ച്​.. ശക്​തമായ മഴയിൽ വാദികൾ സജീവം, അണക്കെട്ടുകൾ നിറഞ്ഞു

text_fields
bookmark_border
മണ്ണും മനസ്സും തണുപ്പിച്ച്​.. ശക്​തമായ മഴയിൽ വാദികൾ സജീവം, അണക്കെട്ടുകൾ നിറഞ്ഞു
cancel
camera_alt

ഷാർജ അൽ ഖാസിമിയ ഏരിയയിൽ കനത്ത വെള്ളക്കെട്ട്   -നൗഷാദ്​ മന്ദങ്കാവ്​

ദുബൈ: അസ്ഥിര കാലാവസ്ഥയെ തുടർന്നുണ്ടായ ശക്​തമായ കാറ്റിലും മഴയിലും താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ജനജീവിത​ത്തെ ബാധിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​ ശരിവെച്ച്​ ഞായറാഴ്ച രാത്രിയോടെ എത്തിയ മഴ മൂന്നാം ദിനവും ശക്​തമായ തുടരുകയാണ്​. ശനിയാഴ്ചവരെ മഴ തുടരു​മെന്നാണ്​ റിപോർട്ട്​. ഇടിമിന്നലിന്‍റെ അകമ്പടിയോടെ എത്തിയ മഴ വടക്കൻ എമിറേറ്റുകളെയാണ്​ കാര്യമായി ബാധിച്ചത്​. ഷാർജ, അജ്​മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, അബൂദബി, റാസൽഖൈമ എമിറേറ്റികളിലെല്ലാം ശക്​തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പലയിടങ്ങളിലും ആലിപ്പഴ വർഷവും റി​പ്പോർട്ട്​​ ചെയ്തിരുന്നു.

അജ്​മാനിലും ഷാർജയിലും ശക്​തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക്​ മുകളിൽ വീണത്​ പരിഭ്രാന്തി പരത്തിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ഷാർജയിലെ ചില റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഷാർജ മുനിസിപ്പാലിറ്റിയും ധ്രുതകർമസേനയും വെള്ളക്കെട്ടുകൾ നീക്കാനുള്ള ശ്രമം തുടരുകയാണ്​. മഴ ബാധിച്ച ഇടങ്ങളിലെ ജനങ്ങൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്കണമെന്ന്​ അധികൃതർ നിർദേശിച്ചിട്ടുണ്ട്​. ദുബൈയിൽ ഉച്ചക്ക്​ ശേഷം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ദുബൈയിൽ ഓഫിസ്​ പ്രവർത്തനങ്ങളേയും പൊതുഗതാഗതത്തേയും മഴ ബാധിച്ചിട്ടില്ല. ദൃശ്യപരത കുറയുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുകൾ റോഡുകളിൽ പ്രദർശിപ്പിച്ചിരുന്നു.

കനത്ത മഴയിൽ അൽഐൻ സനാഇയ്യയിൽ വെള്ളം കയറിയപ്പോൾ

റാസൽഖൈമയിൽ ഉച്ചയോടെയാണ്​ മഴ ശക്​തമായത്​. ശക്തിയായ ഇടിമുഴക്കത്തിന്‍റെയും വീശിയടിച്ച കാറ്റിന്‍റെയും അകമ്പടിയോടെയെത്തിയ മഴ മൂന്നര വരെ തുടര്‍ന്നു. പര്‍വ്വത പ്രദേശങ്ങളില്‍ കുത്തിയൊലിച്ചെത്തിയ വെള്ളം വാദികളില്‍ നീരൊഴുക്ക്​ വർധിപ്പിച്ചു. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെടുത്തി. കനത്തമഴയും വെള്ളപ്പൊക്കവും കാരണം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എക്സിറ്റ് 119 മുതല്‍ അല്‍ തവീന്‍ റൗണ്ടെബൗട്ട് വരെയുള്ള അല്‍ ശുഹാദ പാത അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അസ്ഥിര കാലാവസ്ഥ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഏത് അവസ്ഥകളെയും നേരിടാന്‍ ഫീല്‍ഡ് ടീമുകള്‍ മുഴുസമയം പ്രവര്‍ത്തന സജ്ജരാണ്. അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 999, 901 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്​ റാസൽഖൈമ അധികൃതർ അറിയിച്ചു.

ജബൽ ജെയ്​സ്​ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തൽകാലികമായി അടഞ്ഞുകിടക്കുകയാണ്​. മിക്ക എമിറേറ്റുകളിലും പാർക്കുകളും വിനോദ കേന്ദ്രങ്ങളും താൽകാലികമായി അടച്ചിട്ടുണ്ട്​. റോഡുകളിൽ കൃത്യമായ മാർഗനിർദേശങ്ങളുമായി പൊലീസ്​ വകുപ്പുകൾ സദാ ജാഗരൂകരാണ്​. ബുധനാഴ്ച ഉച്ചയോട് കൂടിയാണ്​ അജ്മാനിലും ശക്തമായ മഴ ലഭിച്ചത്​. മഴയോടൊപ്പം ശക്തമായ കാറ്റും കൂടി വന്നത് ചിലയിടങ്ങളില്‍ മരം കടപുഴകി വീഴുന്നതിനും ഏതാനും സ്ഥാപനങ്ങളുടെ മേല്‍ക്കൂരകൾക്കും സൂചന ബോര്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമായി. ചില റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയിൽ അജ്​മാനിലെ താഴ്ന്ന പ്രദേശത്തുണ്ടായ വെള്ളക്കെട്ട്​ (ചിത്രം- കെ.ഇ ഫിറോസ്​ എടവനക്കാട്​)

വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിന് അധികൃതര്‍ ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ചിലയിടങ്ങളില്‍ വില്ലകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ട് ഉണ്ട്. അതെസമയം മഴമൂലം ആളപായമോ മറ്റു അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അധികൃതര്‍ മുന്‍കൂട്ടി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാകുകയായിരുന്നു. ഷാർജയിൽ പൊതുപാർക്കിങ്​ സൗജന്യമാക്കിയത്​ ഇനി അറിയിപ്പുണ്ടാകുന്നത്​ വരെ തുടരും. വസന്ത കാല അവധി പൂർത്തിയാകാത്തതിനാൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്​. അവധിക്ക്​ ശേഷം സാഹചര്യത്തിൽ വിലയിരുത്തി തുറക്കണോ എന്ന കാര്യത്തിൽ തീരുമാ​നമെടുക്കുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. സാധ്യമാകുന്ന രീതിയിൽ ഓൺലൈൻ പഠനം തുടരുന്നതിനൊപ്പം കൃത്യമായ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്ന സ്കൂളുകൾ തുറക്കാൻ അനുമതി നൽകുമെന്നാണ്​ കെ.എച്ച്​.ഡി.എ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്​.

വെള്ളക്കെട്ട്​: അബൂദബിയിൽ ജാഗ്രത നിർദേശം

ശൈഖ് ഖലീഫ ഇന്റര്‍നാഷനല്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററായി പുനഃക്രമീകരിച്ചു

അബൂദബി: രാജ്യത്ത് തുടരുന്ന അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി അബൂദബി എമിറേറ്റില്‍ കനത്ത മഴയും ഇടിമിന്നലും. ബുധനാഴ്ച രാവിലെ മുതല്‍ തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും കാലാവസ്ഥ കൂടുതല്‍ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അബൂദബിയിലെ പ്രധാന റോഡുകളില്‍ വേഗപരിധി കുറച്ചു.


മഴ നേരങ്ങളില്‍ ശൈഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററായി പുനക്രമീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗത കൃത്യമായി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അബൂദബി പൊലീസ് നിര്‍ദേശിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മഴ ബാധിച്ച പ്രദേശങ്ങളിലെ വിശ്വാസികള്‍ക്ക് പള്ളികളില്‍ എത്തുന്നതിന് പകരം വീട്ടില്‍ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാമെന്ന് ഔഖാഫ് അറിയിച്ചു.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കടല്‍ തീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ എന്‍.സി.എം.) മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അബൂദബിയില്‍ കൂടുതല്‍ ശക്തമായ മഴ പെയ്‌തേക്കാം. അബൂദബിയില്‍ പലയിടങ്ങളിലും ആകാശം മേഘാവൃതമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

തടയണകള്‍ പരിശോധിച്ച് റാക് ദുരന്ത നിവാരണസംഘം

റാസല്‍ഖൈമ: അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ റാസല്‍ഖൈമയിലെ തടയണകളില്‍ പര്യടനം നടത്തി റാക് ദുരന്ത നിവാരണ സേന. റാക് പൊലീസ് സെന്‍ട്രല്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജന. ബ്രി. അഹമ്മദ് സഈദ് അല്‍ മന്‍സൂരി, വിവിധ വകുപ്പ് പ്രതിനിധികള്‍, ദുരന്ത നിവാരണ സംഘത്തിലെ അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് അണക്കെട്ടുകള്‍ പരിശോധിച്ചത്.

ദുരന്ത നിവാരണസംഘം റാസല്‍ഖൈമയിലെ അണക്കെട്ട് പരിശോധിക്കുന്നു

മഴക്കെടുതി മൂലമുണ്ടായേക്കാവുന്ന ആഘാതം പരിഹരിക്കുന്നതിന് സ്വീകരിച്ച തയാറെടുപ്പുകളും സംഘം അവലോകനം ചെയ്തു. സമൂഹ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അസാധാരണ സാഹചര്യങ്ങളോട് ദ്രുത പ്രതികരണം ഉറപ്പാക്കുന്നതിന്‍െറയും ഭാഗമായി അണക്കെട്ടുകളിലെയും വാദികളിലെയും ജലനിരപ്പുകളെക്കുറിച്ച് സംഘം വിലയിരുത്തി.

മരുഭൂമി തണുപ്പിച്ച്​ ആലിപ്പഴവർഷം; വിവിധ എമിറേറ്റുകളിൽ പ്രതിഭാസം രേഖപ്പെടുത്തി

ദുബൈ: രാജ്യത്ത്​ കാലാവസ്ഥാ മാാറ്റത്തിന്​ മുന്നോടിയായി പെയ്യുന്ന മഴയോടൊപ്പം സാധാരണപോലെ ഇത്തവണയും ആലിപ്പഴ വർഷം. യു.എ.ഇയിലെ പല പ്രദേശങ്ങളിലും കനത്ത മഴയും ആലിപ്പഴവർഷവും അനുഭവപ്പെട്ടതോടെ മരുഭൂമിയും നഗരപ്രദേശങ്ങളും വെളുത്ത പാളിയാൽ മൂടപ്പെടുകയും തണുപ്പ്​ വർധിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങൾ പ്രകാരം ഫുജൈറ, അൽ ദഫ്​റ, റാസൽഖൈമ എന്നീ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴവർഷമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഫുജൈറയിൽ മരുഭൂമിയിൽ ഐസുകട്ടകൾ വീണത്​ നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. അൽ ദഫ്​റയിൽ മണൽത്തിട്ടകൾക്ക്​ അരികിൽ ആലിപ്പഴം അടിഞ്ഞുകൂടി, ഓറഞ്ച് നിറമുള്ള മണലിൽ വെളുത്ത വരകൾ പോലെ രൂപപ്പെട്ടത് അപൂർവ ദൃശ്യമായി മാറി.അതേസമയം റാസൽഖൈമയിൽ കനത്ത ആലിപ്പഴവർഷം മൂലം നിലത്ത്​ കട്ടിയുള്ള വെളുത്ത പാളികൾ രൂപപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശവാസികൾ ആലിപ്പഴവുമായി കളിക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചതിലുണ്ട്​.

ഫുജൈറയിൽ ആലിപ്പഴ വർഷമുണ്ടായതിന്‍റെ ദൃശ്യം

യു.എ.ഇയിൽ ഇത്തരത്തിലുള്ള ആലിപ്പഴവർഷം അത്ര അപൂർവമല്ലെന്നാണ്​ കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്​. പ്രത്യേകിച്ച് ശീതകാലം വസന്തത്തിന്​ വഴിമാറുന്ന ഘട്ടത്തിൽ മുകളിലെ തണുത്ത വായുവും താഴെയുള്ള ചൂടും ഈർപ്പവുമുള്ള വായുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആലിപ്പഴവർഷവും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. റാസൽഖൈമയും ഫുജൈറയും പോലുള്ള മലനിരകളുള്ള പ്രദേശങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ ശക്തമാണ്. ഉയർന്ന ഭൂപ്രകൃതി മേഘങ്ങളുണ്ടാകുന്നത്​ വർധിപ്പിക്കുന്നതിനാൽ ആലിപ്പഴവർഷം കൂടുതലായി അനുഭവപ്പെടുമെന്നനും വിദഗ്ദർ വിശദീകരിക്കുന്നു.

മഴ ബാധിതർ വീട്ടിൽ നമസ്കരിക്കണമെന്ന്​ നിർദേശം

ദുബൈ: അസ്ഥിര കാലാവസ്ഥ ബാധിച്ച പ്രദേശങ്ങളിലുള്ളവർ നമസ്കാരം വീട്ടിൽ നിർവഹിക്കണമെന്ന്​ ഇസ്​ലാമിക, വഖ്​ഫ്​, സകാത്ത്​ കാര്യ ജനറൽ അതോറിറ്റി നിർദേശിച്ചു. രാജ്യത്തെ പള്ളികളിൽ നിന്ന്​ ഈ നിർദേശം വിശ്വാസികൾക്ക്​ നൽകണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പൊതു സുരക്ഷ പരിഗണിച്ചാണ്​ ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്​. ബാങ്കിന്​ ശേഷം ഇമാമുമാർ നിർദേശം പ്രത്യേകമായി വിളിച്ചുപറയുന്നതായിരിക്കും.

ഓരോ പ്രദേശത്തെയും കാലാവസ്ഥയെ ആശ്രയിച്ച് നമസ്കാരങ്ങൾ സംയോജിപ്പിച്ച്​ ജംഅാക്കി നിർവഹിക്കാനും അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്​. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ മതപരമായ ആചാരങ്ങളിൽ ഇളവ്​ അനുവദിക്കുന്നതിനൊപ്പം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫുജൈറയിൽ വാദിയിൽ ഒഴുക്കിൽപെട്ട കാർ രക്ഷപ്പെടുത്തി

ഫുജൈറ: കനത്ത മഴയിൽ വെള്ളം നിറഞ്ഞ വാദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കാർ യാത്രക്കാരെ ഫുജൈറ പൊലീസ്​ രക്ഷപ്പെടുത്തി. ദിബ്ബ അൽ ഫുജൈറയിലെ അൽ ഹലാത്ത്​ മേഖലയിലായിരുന്നു​ സംഭവം. അടിയന്തര സേനയുടെ സമയോചിതമായ ഇടപെടലാണ്​ വൻ ദുരന്തം ഒഴിവാക്കിയത്​. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്​ ഫുജൈറ പൊലീസ്​ ജനറൽ കമാൻഡ്​ അറിയിച്ചു.

വാദിയിൽ ഒഴുക്കിൽപ്പെട്ട കാർ

അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാദികൾ മുറിച്ച്​ കടക്കുന്നതിനെതിരെ പൊലീസ്​ മുന്നറിയിപ്പു നൽകി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അതോറിറ്റികൾ പുറപ്പെടുവിക്കുന്ന സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ്​ അഭ്യർഥിച്ചു.

വിമാനങ്ങളുടെ സ്ഥിതി പരിശോധിക്കണമെന്ന്​​​ ഷാർജ എയർപോർട്ട്​ അതോറിറ്റി

ഷാർജ: അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലേക്ക്​ പുറപ്പെടും മുമ്പ്​ യാത്ര ചെയ്യേണ്ട വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ​ ഓൺലൈൻ വഴി പരിശോധിച്ച്​ ഉറപ്പുവരുത്തണമെന്ന്​ ഷാർജ എയർപോർട്ട്​ അതോറിറ്റി. അതിശക്​തമായ കാറ്റും മഴയും മൂലം ചില ഭാഗങ്ങളിൽ ദൃശ്യപരത കുറയുകയും വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെയും വിമാനങ്ങളുടെ നീക്കത്തെയും ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ്​ എയർപോർട്ട്​ അതോറിറ്റിയുടെ മുന്നറിയിപ്പ്​. വിമാന കമ്പനികളുമായി നേരിട്ടോ ട്രാവൽ ഏജൻസികൾ മുഖേനയോ യാത്ര ചെയ്യേണ്ട വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGulf CountryUAEHeavy Rain
News Summary - The heavy rains are active in UAE; the dams are full
Next Story