ചൂട് ശക്തം; തൊഴിലാളികള്‍ക്ക് തൊപ്പിയും സൺഗ്ലാസും വിതരണം ചെയ്ത് അബൂദബി പൊലീസ്
text_fieldsകടുത്ത ചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അബൂദബി പൊലീസ് പ്രതിരോധ
നിര്‍ദേശങ്ങള്‍ നല്കുന്നു
അബൂദബി: ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ അബൂദബി പൊലീസിന്റെ സഹായം. അധികൃതര്‍ ജോലിക്കാര്‍ക്ക് തൊപ്പിയും സണ്‍ഗ്ലാസും വിതരണം ചെയ്തു. കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിരോധ നിര്‍ദേശങ്ങളും ബോധവത്കരണവും പൊലീസ് നടത്തി. 'നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുന്‍ഗണന' എന്ന പ്രമേയത്തില്‍ അല്‍ഐന്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്, അബൂദബി പൊലീസ് ഹാപ്പിനസ് പട്രോള്‍, എന്‍.എം.സി ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചത്.
സണ്‍ ഗ്ലാസ്, തൊപ്പി, തണുത്ത വെള്ളം എന്നിവയാണ് വിതരണം ചെയ്തത്. സൂര്യപ്രകാശം ശരീരത്തിലേക്ക് നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷ പ്രാധാന്യത്തോടെയാണ് കാണുന്നത്. സൂര്യാഘാതം ഏറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്ന ജോലി സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അല്‍ഐന്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ മതാര്‍ അബ്ദുല്ല അല്‍ മുഹൈരി പറഞ്ഞു.
സൂര്യാഘാതമുണ്ടായാല്‍ വ്യക്തിയെ വായുസഞ്ചാരമുള്ള പ്രദേശത്ത് എത്തിച്ച് ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കണം. തണുത്ത വെള്ളം കുടിപ്പിക്കുകയും വേണം. 999 നമ്പറില്‍ വിളിച്ച് ആംബുലന്‍സില്‍ എത്രയുംവേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോലിസ്ഥലത്ത് തൊഴിലാളികള്‍ക്ക് തണുത്ത കുടിവെള്ളം ലഭ്യമാക്കണമെന്നും വിശ്രമിക്കാന്‍ ശീതീകരിച്ച സംവിധാനം ഒരുക്കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ജലീകരണം കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും ദിവസേന കുറഞ്ഞത് ഒരാള്‍ രണ്ടര ലിറ്റര്‍ വെള്ളം കുടിക്കണമെന്നും അധികൃതർ തൊഴിലാളികളെ ഓര്‍മിപ്പിച്ചു. ചൂടുകാലത്ത് പഴം, പച്ചക്കറി, ധാന്യങ്ങള്‍, മത്സ്യം, മാസം എന്നിവ എല്ലാം ചേര്‍ത്തുള്ള സമീകൃത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

