‘ഹത്ത ബ്രെവ്സ്’ രക്ഷപ്പെടുത്തിയത് 200ലേറെ പേരുടെ ജീവൻ
text_fieldsരക്ഷാപ്രവർത്തനം നടത്തുന്ന ‘ഹത്ത ബ്രെവ്സ്’
ദുബൈ: എമിറേറ്റിലെ മലയോര വിനോദസഞ്ചാര മേഖലയായ ഹത്തയിൽ പ്രവർത്തിക്കുന്ന ദുബൈ പൊലീസിന് കീഴിലെ ‘ഹത്ത ബ്രെവ്സ്’ സേനാംഗങ്ങൾ കഴിഞ്ഞ വർഷം രക്ഷപ്പെടുത്തിയത് 200ലേറെ പേരുടെ ജീവൻ. മലമുകളിലും വാദികളിലും കുടുങ്ങിയവർക്കും അടിയന്തര ചികിത്സ ആവശ്യമായവർക്കുമാണ് ‘ഹത്ത ബ്രെവ്സ്’ രക്ഷകരായത്. ഹത്ത പൊലീസ് സ്റ്റേഷന് കീഴിലാണ് വിപുലമായ പരീക്ഷണം ലഭിച്ചിട്ടുള്ള വിങ് പ്രവർത്തിക്കുന്നത്.
മലമുകളിലും വാദികളിലും അപകടത്തിൽപ്പെട്ട 25 പേർ രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടും. നൂറുകണക്കിനുപേർക്ക് അടിയന്തര മെഡിക്കൽ സഹായവും എത്തിച്ചു. ദുബൈ പൊലീസ് എയർ വിങ്ങുമായും ദുബൈ ആംബുലൻസ് സർവിസ് കോർപറേഷനുമായും സഹകരിച്ചാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്.
യൂനിറ്റിന്റെ അസാധാരണമായ സേവനങ്ങളെ ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് ബിൻ മുബാറക് അൽ കത്ബി പ്രശംസിച്ചു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാർരിയുടെ ദീർഘവീക്ഷണത്തോടെയുള്ള നിർദേശത്തിന്റെ ഭാഗമായാണ്, ആഗോള സാഹസിക ടൂറിസം കേന്ദ്രമായി ഹത്തയുടെ സുരക്ഷ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇത് രൂപവത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ഹത്ത ബ്രേവ്സ്’ യൂനിറ്റിന്റെ രൂപവത്കരണം ദുബൈ പൊലീസിന്റെ അതിവേഗ അടിയന്തര പ്രതികരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്. ഇതിലെ ഓരോ അംഗത്തിനും വിവിധ അടിയന്തര സാഹചര്യങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് കാൽനടയാത്രക്കാർ, സാഹസിക യാത്രികർ, പർവതാരോഹകർ എന്നിവർ പതിവായി സന്ദർശിക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പ്രത്യേകമായ പരിശീലനവും ഇതിൽ ഉൾപ്പെടും. പർവത മേഖലയിൽ ഉപയോഗിക്കുന്ന വാഹനങ്ങളും മറ്റു സജ്ജീകരണങ്ങളും രക്ഷാപ്രവർത്തനത്തിന് യൂനിറ്റിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

