ഗൾഫ് മാധ്യമം ആരോഗ്യ കാമ്പയിൻ: പുതുജീവിതത്തിലേക്ക് ഒരുമിച്ച് നടക്കാം
text_fields'കുതിച്ചുകൊണ്ടിരുന്ന കാലചക്രത്തിൽ കയറിപ്പറ്റിയൊരു കറുത്തപൊട്ടായിരുന്നു കോവിഡ് കാലം. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര സന്തോഷവർഷമായി നിശ്ചയിച്ച 2020ൽ തന്നെയായിരുന്നു കോവിഡിെൻറ വരവും. നമ്മുടെ സന്തോഷങ്ങളെയെല്ലാം അൽപനേരത്തേക്കെങ്കിലും തടവിലിടാൻ കോവിഡ് എന്ന കുഞ്ഞൻ വൈറസിന് കഴിഞ്ഞു. എന്നാൽ അതിവേഗത്തിൽ അതിജീവനമൊരുക്കി കോവിഡ് എന്ന ആ കറുത്തപൊട്ടിനെ നാം മായ്ച്ചുകഴിഞ്ഞിരിക്കുന്നു. ഇടക്കുവെച്ചു നാം മറന്നുപോയ സന്തോഷങ്ങളെയും മെച്ചപ്പെട്ട ജീവിതത്തെയും വീണ്ടും മാടിവിളിക്കാനുള്ള സമയമാണിത്. അതെ, വാനോളം സന്തോഷം കണ്ടെത്താൻ, മികച്ചൊരു ജീവിതശൈലിയിലേക്ക് മാറാൻ പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി സന്തോഷത്തിെൻറ കാമ്പയിൻ ഒരുക്കുകയാണ് ഗൾഫ് മാധ്യമം.
സന്തോഷം ആരാണ് ആഗ്രഹിക്കാത്തത് എന്നത് കേവലമൊരു പരസ്യവാചകം മാത്രമല്ല, സന്തോഷം എന്ന വികാരമാണ് പലരേയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വപ്നം കണ്ടാണ് എല്ലാവരും കഴിയുന്നത്. ലാഫിങ് ഗ്യാസ് പോലെ ആളുകളെ ചിരിപ്പിക്കാനുള്ള ചില പൊടിക്കൈകൾ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും സന്തോഷത്തിനുള്ള മരുന്നൊന്നും ഇതുവരെ ആർക്കും നിർദേശിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ ചിന്തകളും ശീലങ്ങളും തന്നെയാണ് സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും സ്രോതസ്സ്. ഇടക്കിടെ ഒന്നു മാറ്റിപിടിച്ചുനോക്കൂ, ജീവിതം ഋതുഭേദങ്ങൾ പോലെ മാറിമറിയുന്ന മായാജാലം കാണാനാവും.
ഒന്നോർത്തു നോക്കിയാൽ കാലം കരുതിവെച്ച ഒരു ഇൻറർവെൽ കൂടിയായിരുന്നു കെറോണക്കാലം. പരക്കംപാച്ചിലുകളെല്ലാം അടച്ചിരിപ്പിലേക്ക് മാറിപ്പോയ കാലത്ത് നാം പലതിലും സന്തോഷം കണ്ടെത്തിയിരുന്നു. കോവിഡും കഴിഞ്ഞ് കാലം മുന്നോട്ടുകുതിക്കുമ്പോൾ സന്തോഷവും സമാധാനവും നിറഞ്ഞ ആരോഗ്യപൂർണമായൊരു ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരമാണ് വന്നണഞ്ഞിരിക്കുന്നത്. 'its just a bad day, not a bad life' എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. ചില ദിവസങ്ങൾ മോശമായിരിക്കും, അതിനർഥം ജീവിതം തന്നെ അങ്ങനെയായിരിക്കണമെന്നില്ല. അതെ, അങ്ങനെയല്ലാത്തൊരു ജീവിതം ജീവിക്കാൻ, മികച്ചൊരു ജീവിതശൈലിയിലേക്ക് മാറാനാണ് പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി 'ഗൾഫ് മാധ്യമം' ഇന്ത്യയിലെയും ജി.സി.സിയിലെയും പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പുതുജീവിതശൈലിയെകുറിച്ചുള്ള മാർഗനിർദേശങ്ങൾ, ബോധവത്കരണ ശിൽപശാലകൾ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ പദ്ധതികൾ, വെബിനാർ എന്നിവയെല്ലാം വായനക്കാർക്കായി സമർപ്പിക്കും.
മികച്ച ജീവിതരീതി ഉറപ്പാക്കാനുള്ള മൂന്ന് മന്ത്രങ്ങളാണ് 'ഹെൽത്ത്, വെൽത്ത്, വെൽനസ്' എന്നിവ.
ഇൗ മന്ത്രങ്ങൾ മനസ്സിൽ പതിയുന്നതോടെ മികവിലേക്കുയരുന്ന ജീവിതം നാം ജീവിച്ചുതുടങ്ങുകയായി. നഷ്ടപ്പെട്ടു പോയ ജീവിതാനന്ദവും അളവില്ലാത്ത സന്തോഷവുമെല്ലാം പുതിയ ജീവിതത്തിലേക്ക് താനേ കടന്നുവരും. മന്ത്രങ്ങളിലൊന്ന് മറന്നുപോയാലോ ജീവിതം ദുഃഖങ്ങളിലേക്ക് മൂക്കുംകുത്തി വീഴാൻ അരനിമിഷം പോലും വേണ്ടിവരില്ല. പ്രിയപ്പെട്ട വായനക്കാരേ, സകല സന്തോഷങ്ങളുടെയും സമാധാനത്തിെൻറയും പവർഹൗസ് നമ്മുടെ മനസ്സ് തന്നെയാണ്. കോവിഡും കടന്ന് കാലം പുതിയ കുതിപ്പിനൊരുങ്ങുമ്പോൾ നമുക്ക് മനസ്സറിഞ്ഞ് നടന്നുതുടങ്ങാം പുതിയ ജീവിതത്തിലേക്ക്, പരിധിയില്ലാത്ത സന്തോഷങ്ങളിലേക്ക്. അതിലേക്ക് 'ഗൾഫ് മാധ്യമവും' നിങ്ങൾക്കൊപ്പം ചേരുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

